Skip to content

രണ്ടാം ടെസ്റ്റിലും പരാജയപെട്ടാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും ; മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപെട്ടാൽ വിരാട് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് മുൻ ഇംഗ്ലണ്ട് ബൗളർ മോണ്ടി പനേസർ. ആദ്യ മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യ പരാജയപെട്ടതിന് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം പരാജയം കൂടിയാണിത്.

” കോഹ്ലി ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ്, എന്നാൽ അവന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നില്ല. അവന്റെ കീഴിലെ അവസാന നാല് ടെസ്റ്റ് മത്സരങ്ങളുടെ ഫലം നോക്കൂ. !! ” പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പനേസർ പറഞ്ഞു.

” കോഹ്ലി ഇപ്പോൾ സമ്മർദ്ദത്തിലാണ്, കാരണം അവന്റെ അഭാവത്തിൽ രഹാനെയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. കോഹ്ലിയുടെ കീഴിൽ തുടർച്ചയായി നാല് ടെസ്റ്റുകൾ പരാജയപെട്ടുകഴിഞ്ഞു. അത് അഞ്ചിലേക്ക് ഉയർന്നാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും ” പനേസർ കൂട്ടിച്ചേർത്തു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ടെണ്ടുൽക്കർ – കുക്ക് ട്രോഫിയെന്ന് പേര് നൽകണമെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു പരമ്പരയില്ലയെന്നത് നിരാശപെടുത്തുന്നതാണെന്നും പനേസർ പറഞ്ഞു.

ഇതാദ്യമായാണ് ടെസ്റ്റിൽ കോഹ്ലിയ്ക്ക് കീഴിൽ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപെടുന്നത്. കോഹ്ലിയ്ക്ക് കീഴിൽ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0 ന് പരാജയപെട്ടിരുന്നു.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടാനും കോഹ്ലിയ്ക്ക് സാധിച്ചില്ല. എന്നാൽ ഉടനെ തകർപ്പൻ പ്രകടനത്തിലൂടെ തിരിച്ചെത്തി വിമർശകർക്ക് കോഹ്ലി മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.