Skip to content

യാതൊരു കുറ്റബോധവുമില്ല, കുൽദീപിനെ തഴഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കുൽദീപ് യാദവിനെ ഉൾപെടുത്താതിരുന്ന തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കുൽദീപിനെ ഒഴിവാക്കിയ തീരുമാനത്തിൽ കുറ്റബോധമില്ലെന്നും വ്യത്യസ്തമായ ബൗളിങിന് വേണ്ടിയാണ് കുൽദീപിനെ ഒഴിവാക്കിയതും അശ്വിനടക്കം രണ്ട് ഓഫ് സ്പിന്നർമാർ ഉള്ളതിനാൽ കുൽദീപിന്റെ സാന്നിധ്യം യാതൊരു മാറ്റവും ഉണ്ടാക്കുകയില്ലെന്നും കോഹ്ലി പറഞ്ഞു.

” രണ്ട് ഓഫ് സ്പിന്നർമാർ ടീമിൽ കളിക്കുന്നുണ്ട്, കുൽദീപ് അവർക്ക് സമാനമായ ബൗളറാണ്. ഞങ്ങൾക്ക് വേണ്ടത് വ്യത്യസ്തയായിരുന്നു. ഏത് കോമ്പിനേഷനാണ് വെണ്ടതെന്നതോൽ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ യാതൊരു കുറ്റബോധവുമില്ല ” കോഹ്ലി പറഞ്ഞു.

മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരിൽ അശ്വിൻ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

ഷഹബാസ് നദീം നാല് വിക്കറ്റുകൾ നേടിയപ്പോൾ വാഷിങ്ടൺ സുന്ദറിനാകട്ടെ ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ അശ്വിനും ജഡേജയ്ക്കും പരിക്ക് പറ്റിയിട്ടും കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല. 2017 ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കുൽദീപ് 6 മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകൾ നേടിയിട്ടുണ്ട്‌. 2 വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിലാണ് കുൽദീപ് അവസാനമായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്.

മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ഇനിയുള്ള മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപെട്ടാൽ ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കില്ല. പരമ്പര 2-1, 3-1 എന്നിങ്ങനെ സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.

മറുഭാഗത്ത് ഇംഗ്ലണ്ടിന് പരമ്പരയിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടിലെങ്കിലും വിജയിച്ചാൽ മാത്രമേ ലോർഡ്സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കൂ. ഫലങ്ങൾ ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ അനുകൂലമല്ലെങ്കിൽ ഓസ്‌ട്രേലിയയായിരിക്കും ഫൈനൽ യോഗ്യത നേടുക.