Skip to content

ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ സാധിക്കാതിരുന്നതാണ് മത്സരത്തിൽ തിരിച്ചടിയായതെന്നും പിച്ചും ബൗളർമാരെ സഹായിച്ചില്ലയെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

മത്സരത്തിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ട്ടമായി.

” ആദ്യ ഇന്നിങ്സിൽ പന്തുകൊണ്ട് വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. മൊത്തത്തിൽ നോക്കിയാൽ അശ്വിനും ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, എന്നാൽ റൺസ് അധികം വഴങ്ങാതെ അവരെ ഞങ്ങൾ സമ്മർദ്ദത്തിലാക്കേണ്ടതായിരുന്നു. അത് പറയുമ്പോഴും വിക്കറ്റ് വളരെ സ്ലോ ആയിരുന്നു, അതുകൊണ്ട് യാതൊരു ആനുകൂല്യവും ബൗളർമാർക്ക് ലഭിച്ചില്ല. കൂടാതെ ബാറ്റ്‌സ്മാന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ബാറ്റ് ചെയ്യാനും സാധിച്ചു. ” കോഹ്ലി പറഞ്ഞു.

” ക്രെഡിറ്റ് നൽകേണ്ടത് ഇംഗ്ലണ്ടിനാണ്. ആദ്യ ഇന്നിങ്സിൽ വലിയ ടോട്ടൽ കണ്ടെത്താൻ അവർക്ക് സാധിച്ചു. ഞങ്ങളുടെ ശരീരഭാഷയും സമീപനവും മികച്ചതായിരുന്നില്ല. ആദ്യ ഇന്നിങ്സിലെ രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്നാൽ ആദ്യ നാല് ബാറ്റ്‌സ്മാന്മാരിൽ നിന്നും അതുണ്ടായില്ല. മത്സരത്തിൽ മികച്ച പ്രകടനം എന്തൊക്കെയെന്നും എവിടെയാണ് പിഴവ് സംഭവിച്ചതെന്നും മനസ്സിലാക്കേണ്ടതുണ്ട്. ടീമെന്ന നിലയിൽ ഞങ്ങൾ മെച്ചപ്പെടാനാണ് ശ്രമിക്കുന്നത് ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്സനുമാണ് ഇന്ത്യയെ തകർത്തത്.

72 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്ലിയ്ക്കും 50 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലിനും മാത്രമേ ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളു.

കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം പരാജയമാണിത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ അഡ്ലെയ്ഡ് ടെസ്റ്റിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും കോഹ്ലിയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിരുന്നു. ഇതാദ്യമായാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയപെടുന്നത്.