Skip to content

ഇംഗ്ലണ്ട് തകർത്തത് ഇന്ത്യയുടെ ഗാബ ; അവസാനിച്ചത് 22 വർഷത്തെ വിജയകുതിപ്പ്

തകർപ്പൻ വിജയമാണ് ചെന്നൈയിൽ നടന്ന ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് നേടിയത്. ഓസ്‌ട്രേലിയയിലെ ഐതിഹാസിക വിജയത്തിന് ശേഷമെത്തിയ ഇന്ത്യയെ 227 റൺസിനാണ് ജോ റൂട്ടും കൂട്ടരും പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്.

32 വർഷത്തെ ഓസ്‌ട്രേലിയയുടെ വിജയകുതിപ്പാണ് ഗാബയിലെ തകർപ്പൻ വിജയത്തോടെ ഇന്ത്യ അവസാനിപ്പിച്ചത്. ഇപ്പോൾ തൊട്ടടുത്ത മത്സരത്തിൽ ചെന്നൈയിലെ ഇന്ത്യയുടെ വിജയകുതിപ്പിന് കടിഞ്ഞാണിട്ടിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും.

1999 ന് ശേഷം ഇതാദ്യമായാണ് ചെന്നൈയിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ പരാജയപെടുന്നത്. 22 വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനായിരുന്നു ചെന്നൈയിൽ അവസാനമായി ഇന്ത്യയെ പരാജയപെടുത്തിയത്.

ടെസ്റ്റിൽ കോഹ്ലിയുടെ കീഴിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ സ്വന്തം നാട്ടിൽ പരാജയപെടുന്നത്. ഇതിനുമുൻപ് 2017 ൽ ഓസ്‌ട്രേലിയയാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യയെ ഇന്ത്യയിൽ വെച്ച് പരാജയപെടുത്തിയത്. എന്നാൽ ആ മത്സരത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിങ്സിൽ 218 റൺസും രണ്ടാം മത്സരത്തിൽ 40 റൺസും നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ജോ റൂട്ടിന്റെ കീഴിൽ ഏഷ്യയിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ ആറാം വിജയമാണിത്.

ടെസ്റ്റിൽ കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം പരാജയം കൂടിയാണിത്. ഇതാദ്യമായാണ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായി നാല് മത്സരങ്ങളിൽ പരാജയപെടുന്നത്.

72 റൺസ് നേടി പുറത്തായ കോഹ്ലി ചെപ്പോക്ക് സ്റ്റേഡിയത്തിൽ നാലാം ഇന്നിങ്സിൽ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി. കോഹ്ലിയ്ക്ക് പുറമെ 50 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.