Skip to content

ഇന്ത്യയുടെ അവിശ്വസനീയ കുതിപ്പിന് തടയിട്ട് റൂട്ടും കൂട്ടരും, 2010 ന് ശേഷം ഇതാദ്യം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഐതിഹാസിക വിജയത്തിന് ശേഷമെത്തിയ ആതിഥേയരായ കടിഞ്ഞാണിടാൻ ആദ്യ നാല് ദിനങ്ങളിൽ ജോ റൂട്ടിനും കൂട്ടർക്കും സാധിച്ചു. കൂടാതെ ഇന്ത്യയുടെ ഒരു റെക്കോർഡ് കുതിപ്പ് അവസാനിപ്പിക്കാനും ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 241 റൺസിന്റെ വമ്പൻ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഇതോടെ 11 വർഷത്തിന് ശേഷം ഹോമിൽ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരം ലഭിക്കുന്ന ടീമായി ഇംഗ്ലണ്ട് മാറി. ഫോളോ ഓൺ ചെയ്യിക്കാനുള്ള അവസരം ഉപയോഗിച്ചില്ലയെങ്കിലും ഇന്ത്യയുടെ ഈ അഭിമാന കുതിപ്പ് അവസാനിപ്പിക്കാൻ ജോ റൂട്ടിനും കൂട്ടർക്കും സാധിച്ചു.

നേരത്തെ ആദ്യ ഇന്നിങ്സിലെ ഡബിൾ സെഞ്ചുറിയോടെ വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കെ ഇന്ത്യയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 200 റൺസിന്റെ ലീഡ് ലഭിച്ചാലാണ് എതിർ ടീമിനെ വീണ്ടും ബാറ്റിങിന് അയക്കാൻ സാധിക്കുക.

ഇതിന് മുൻപ് 2010 ഫെബ്രുവരിയിൽ സൗത്താഫ്രിക്കയാണ് ഇന്ത്യയ്ക്കെതിരെ ഹോമിൽ 200 റൺസിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിട്ടുള്ള ടീം. ആ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാഷിം അംലയുടെ ഡബിൾ സെഞ്ചുറി മികവിൽ 558 റൺസ് സൗത്താഫിക്ക നേടിയിരുന്നു. മറുപടി ബാറ്റിങിൽ 233 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു.

ഫോളോ ഓൺ ചെയ്യപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 319 റൺസ് നേടാനെ സാധിച്ചുള്ളു. മത്സരത്തിൽ സൗത്താഫ്രിക്ക ഒരു ഇന്നിങ്സിനും 6 റണ്ണിനും വിജയിക്കുകയും ചെയ്തു. 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഡെയ്ൽ സ്റ്റെയ്നാണ് മത്സരത്തിൽ ഇന്ത്യയെ തകർത്തത്.

പിന്നീട് ഒരു ടീമിനും ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഫോളോ ഓൺ ചെയ്യിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.

6 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഇന്ത്യ പുറത്താക്കിയത്. 420 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടിയിട്ടുണ്ട്. 12 റൺസ് നേടിയ ചേതേശ്വർ പുജാരയും 15 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്.