Skip to content

114 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; അത്യപൂർവ്വ നേട്ടത്തിൽ രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തിയ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ റെക്കോർഡും അശ്വിൻ സ്വന്തമാക്കി.

241 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങിനിറങ്ങിയപ്പോൾ ആദ്യ ഓവർ എറിയാൻ വിരാട് കോഹ്ലി ഏൽപ്പിച്ചത് രവിചന്ദ്രൻ അശ്വിനെയായിരുന്നു. ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിനെ അശ്വിൻ പുറത്താക്കുകയും ചെയ്തു.

1907 ന് ശേഷം ഇതാദ്യമായാണ് ഒരു സ്പിന്നർ ഒരു ഇന്നിങ്സിലെ ആദ്യ പന്തിൽ നിന്നും വിക്കറ്റ് നേടുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ അശ്വിനടക്കം മൂന്ന് താരങ്ങൾ മാത്രമാണ് ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

1888 ൽ ബോബി പീലാണ് ആദ്യമായി ഈ നേട്ടം സ്വാന്തമാക്കിയത്. പിന്നീട് 1907 ൽ ബെർട് വോഗ്ലെറും ഈ നേട്ടത്തിലെത്തി. ഇപ്പോഴിതാ 114 വർഷങ്ങൾക്ക് ശേഷം ഈ അത്യപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിന്റെ 28 ആം അഞ്ച് വിക്കറ്റ് നേട്ടമാണിത്. വെറും 75 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഇതിനോടകം 386 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ നേടികഴിഞ്ഞു.

2010 ന് ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളറും കൂടിയാണ് അശ്വിൻ.

അശ്വിന്റെ തകർപ്പൻ ബൗളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഇന്ത്യ പുറത്താക്കിയത് . 32 പന്തിൽ 40 റൺസ് നേടിയ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറർ.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ ആറ് വിക്കറ്റും നദീം 2 വിക്കറ്റും ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

420 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 39 റൺസ് നേടിയിട്ടുണ്ട്. 12 റൺസ് നേടിയ ചേതേശ്വർ പുജാരയും 15 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. 12 റൺസ് നേടിയ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.