Skip to content

ജോ റൂട്ടിനെ പിന്തള്ളി, ICC Player of the month പുരസ്‌കാരം റിഷാബ് പന്തിന്

പ്രഥമ ഐസിസി പ്ലേയർ ഓഫ് ദി month പുരസ്‌കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്. സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അവാർഡ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയും അയർലൻഡ് ബാറ്റ്‌സ്മാൻ പോൾ സ്റ്റിർലിങിനെയും പിന്നിലാക്കിയാണ് ജനുവരി മാസത്തിലെ ഏറ്റവും മികച്ച പ്ലേയർക്കുള്ള അംഗീകാരം റിഷാബ് പന്ത് നേടിയത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റിഷാബ് പന്തിനെ അവാർഡിന് അർഹനാക്കിയത്. സിഡ്നിയിൽ 97 റൺസ് നേടി മത്സരം സമനിലയിലാക്കിയ പന്തിന്റെ മികവിലാണ് ഗാബ ടെസ്റ്റിൽ ഇന്ത്യ അവിസ്മരണീയ വിജയം നേടിയത്.

ഗാബ ടെസ്റ്റിൽ 328 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 138 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയ റിഷാബ് പന്തിന്റെ തകർപ്പൻ പ്രകടനമാണ് മൂന്ന് വിക്കറ്റിന്റെ വിജയത്തിലെത്തിച്ചത്.

മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്സരതിലും തകർപ്പൻ പ്രകടനമാണ് പന്ത്‌ കാഴ്ച്ചവെച്ചത്. 73 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ക്രീസിലെത്തിയ പന്ത് 88 പന്തിൽ 91 റൺസ് നേടിയാണ് പുറത്തായത്. 9 ഫോറും 5 സിക്സും പന്തിന്റെ ബാറ്റിൽ നിന്നും പിറന്നു.

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് റിഷാബ് പന്ത്.

മൂന്ന് മത്സരങ്ങളിൽ നിന്നും 84.00 ശരാശരിയിൽ 3 ഫിഫ്റ്റിയടക്കം 336 റൺസ് റിഷാബ് പന്ത് 2021 ൽ നേടിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളിൽ നിന്നും 128.80 ശരാശരിയിൽ രണ്ട് ഡബിൾ സെഞ്ചുറിയടക്കം 644 റൺസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് ടെസ്റ്റിൽ ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ.