Skip to content

വീണ്ടും രക്ഷകനായി സുന്ദർ, ആ നേട്ടത്തിൽ രാഹുൽ ദ്രാവിഡിന് പിന്നിലെത്തി

ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന് ശേഷം വീണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷകനായി വാഷിങ്ടൺ സുന്ദർ. ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 192 റൺസിന് 5 വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യ 138 പന്തിൽ പുറത്താകാതെ 85 റൺസ് നേടിയ സുന്ദറിന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 337 റൺസ് നേടിയത്. സുന്ദറിന്റെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിന്റെ ലീഡ് 241 റൺസാക്കി ചുരുക്കുകയും ചെയ്തു.

138 പന്തിൽ 12 ഫോറും 2 സിക്സുമുൾപ്പടെയാണ് വാഷിങ്ടൺ സുന്ദർ 85 റൺസ് നേടി പുറത്താകാതെ നിന്നത്. വാഷിങ്ടൺ സുന്ദറിന്റെ രണ്ടാം ഫിഫ്റ്റി കൂടിയാണിത്. നേരത്തെ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 62 റൺസും രണ്ടാം ഇന്നിങ്സിൽ 22 റൺസും സുന്ദർ നേടിയിരുന്നു.

ഏഴാമനായി ബാറ്റിങിനിറങ്ങി ആദ്യ മൂന്ന് ഇന്നിങ്സിൽ 169 റൺസ് സുന്ദർ നേടിയിട്ടുണ്ട്. ഇതോടെ രാഹുൽ ദ്രാവിഡിന് ശേഷം ആദ്യ മൂന്ന് ഇന്നിങ്സിൽ ഏഴാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സുന്ദർ സ്വന്തമാക്കി.

ആദ്യ മൂന്ന് ഇന്നിങ്സിൽ ഏഴാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. രാഹുൽ ദ്രാവിഡ് – 179
  2. വാഷിങ്ടൺ സുന്ദർ – 169
  3. സഞ്ജയ് ബംഗാർ – 104
  4. വൃദ്ധിമാൻ സാഹ – 71

വിദേശത്തെയും ഇന്ത്യയിലെയും ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഫിഫ്റ്റി നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡും സുന്ദർ സ്വന്തമാക്കി.

വിദേശത്തും നാട്ടിലും അരങ്ങേറ്റ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. റൂസി മോഡി
  2. സുരീന്ദർ അമർനാഥ്
  3. അരുൺ ലാൽ
  4. സൗരവ് ഗാംഗുലി
  5. സുരേഷ് റെയ്‌ന
  6. ഹാർദിക് പാണ്ഡ്യ
  7. മായങ്ക് അഗർവാൾ
  8. വാഷിങ്ടൺ സുന്ദർ