Skip to content

അവന് വിശ്രമം നൽകിയില്ലെങ്കിൽ പണി പാളും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ചെന്നൈയിൽ തന്നെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റും നടക്കുന്നത്. എന്നാൽ മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് നിർദ്ദേശിച്ച ഗംഭീർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും ഗംഭീർ ചൂണ്ടിക്കാട്ടി.

” തീർച്ചയായും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ബുംറയെ ഉൾപെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പിങ്ക് ബോൾ ടെസ്റ്റിൽ അവന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണ്. ഈ പരമ്പരയിൽ ഇന്ത്യയുടെ എക്‌സ് ഫാക്ടർ അവനാണ്. ഏത് തരത്തിലുള്ള പിച്ചുമാകട്ടെ അക്കാര്യം നിങ്ങൾ മനസ്സിൽ വെയ്ക്കേണ്ടതുണ്ട്. ” ഗംഭീർ പറഞ്ഞു.

ഇന്ത്യയിലെ ബുംറയുടെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. 36 ഓവറിൽ 84 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം ബുംറ കാഴ്ച്ചവെച്ചിരുന്നു.

” ജസ്പ്രീത് ബുംറയെ നീണ്ട സെഷനിൽ ബൗൾ ചെയ്യിക്കരുത്. അവന് മൂന്ന് ഓവറുകളുടെ കുറഞ്ഞ സ്പെൽ നൽകി എതിരാളികളുടെ വിക്കറ്റെടുക്കാൻ ശ്രമിക്കൂ. ഒരിക്കലും നീണ്ട സ്പെൽ അവന് നൽകരുത്, കാരണം ഈ പരമ്പരയിൽ മുൻപോട്ട് പോകാൻ ബുംറയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ആവശ്യമാണ്. അവന് എന്തെങ്കിലും സംഭവിച്ചാൽ അത് ഇന്ത്യയെ അപകടത്തിലാക്കും ” ഗംഭീർ മുന്നറിയിപ്പ് നൽകി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ പരിക്ക് മൂലം ബുംറയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ബുംറയുടെ അഭാവത്തിൽ ഷാർദുൽ താക്കൂർ മൊഹമ്മദ് സിറാജ്, ടി നടരാജൻ എന്നീ യുവപേസർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അതുകൊണ്ട് തന്നെ രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് പകരം മൊഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചേക്കും. ഫെബ്രുവരി 24 ന് അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ് നടക്കുന്നത്. പിങ്ക് ബോൾ ടെസ്റ്റ് പേസർമാർക്ക് അനുകൂലമായതിനാൽ ബുംറയുടെ സാന്നിധ്യം നിർണായകമാകും. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റ് കൂടിയാണിത്.