Skip to content

സ്പിന്നർമാരെ നന്നായി നേരിടണോ ? റൂട്ടിനെ കണ്ടുപഠിക്കൂ, ഇന്ത്യൻ യുവതാരങ്ങളോട് ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 377 പന്തിൽ 19 ഫോറും 2 സിക്സുമുൾപ്പടെ 218 റൺസ് നേടിയാണ് ജോ റൂട്ട് പുറത്തായത്. ചെന്നൈയിലെ സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് ദുഷ്കരമാണെന്നും ഇന്ത്യൻ യുവതാരങ്ങൾക്ക് ജോ റൂട്ടിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും ഗംഭീർ പറഞ്ഞു.

” ഫെബ്രുവരിയാണെങ്കിൽ പോലും ചെന്നൈയിലെ ചൂടിൽ ബാറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല. പ്രത്യേകിച്ചും വിദേശ താരമാണെങ്കിൽ ചെന്നൈയിൽ വലിയ ഇന്നിങ്സുകൾ കളിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാൽ കഴിവിനൊപ്പം ജോ റൂട്ടിന്റെ ഏകാഗ്രത നോക്കൂ ” espncricinfo യിൽ ഗൗതം ഗംഭീർ പറഞ്ഞു.

ഇതിനുമുൻപ് ശ്രീലങ്കൻ പര്യടനത്തിൽ സ്പിന്നർമാരെ അതിവിദഗ്ധമായി നേരിട്ട് ആദ്യ മത്സരത്തിൽ 228 റൺസും രണ്ടാം മത്സരത്തിൽ 186 റൺസും ജോ റൂട്ട് നേടിയിരുന്നു. ഇതിനുപുറകെയാണ് അശ്വിൻ അടക്കമുള്ളവരെ നേരിട്ട് തന്റെ അഞ്ചാം ഡബിൾ സെഞ്ചുറി ജോ റൂട്ട് നേടിയത്.

” എങ്ങനെ സ്പിന്നർമാരെ നേരിടണമെന്ന് ജോ റൂട്ടിനെ കണ്ടുപഠിക്കണം. സ്പിന്നർമാരെ എങ്ങനെ നേരിടണമെന്ന് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ നിന്നുമാത്രമല്ല ആരൊക്കെ സ്പിന്നർമാരെ നന്നായി കളിക്കുന്നുവോ അവരിൽ നിന്നെല്ലാം പഠിക്കാൻ ശ്രമിക്കണം ” ഗംഭീർ കൂട്ടിച്ചേർത്തു.

” ജോ റൂട്ട് ഉത്തമഉദാഹരണമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മേധാവിത്വം സ്ഥാപിക്കാൻ ഇവിടെനിന്നുള്ള ബാറ്റ്‌സ്മാൻ ആവണമെന്നില്ല. നിങ്ങൾക്ക് നല്ല കഴിവുണ്ടെങ്കിൽ ജോ റൂട്ടിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും ” ഗംഭീർ പറഞ്ഞു.

റൂട്ടിന്റെ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ട്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്.

ജോ റൂട്ടിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയാണിത്. ഡബിൾ സെഞ്ചുറിയോടെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം റൂട്ട് സ്വന്തമാക്കുകയും ചെയ്തു.