Skip to content

ജോ റൂട്ടും കെയ്ൻ വില്യംസണും വേറെ ലെവൽ, കോഹ്ലിയുമായും സ്മിത്തുമായും താരതമ്യം ചെയ്യരുത് ; ഗൗതം ഗംഭീർ

ജോ റൂട്ടിനെയും കെയ്ൻ വില്യംസനെയും വിരാട് കോഹ്ലിയുമായോ സ്റ്റീവ് സ്മിത്തുമായോ താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ജോ റൂട്ടും വില്യംസണും ബാറ്റിങ് ദുഷ്കരമായ സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരെ തമ്മിൽ താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടിൽ ഡബിൾ സെഞ്ചുറിയും ഒന്നിൽ സെഞ്ചുറിയും നേടി തകർപ്പൻ ഫോമിലാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. കെയ്ൻ വില്യംസനാകട്ടെ തകർപ്പൻ പ്രകടനങ്ങളോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.

” കെയ്ൻ വില്യംസണും ജോ റൂട്ടും ബാറ്റിങ് ദുഷ്കരമായ സാഹചര്യങ്ങളിലാണ് കളിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇംഗ്ലണ്ടിൽ കളിക്കുകയെന്നത് ഒരിക്കലും എളുപ്പമല്ല. ഡ്യൂക്ക് ബോളും ഇംഗ്ലണ്ടിലെ കാലാവസ്ഥയും ബാറ്റിങ് ദുഷ്കരമാക്കുന്നു. ന്യൂസിലാൻഡിലെ സ്ഥിതിയും മറിച്ചല്ല. അവിടെ പന്ത് നന്നായി സ്വിങ് ചെയ്യുകയും പേസ് ലഭിക്കുകയും ചെയ്യുന്നു. ” ഗംഭീർ പറഞ്ഞു.

” എന്നാൽ നിങ്ങൾ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും സാഹചര്യങ്ങൾ നോക്കൂ. അവിടെ പിച്ചുകൾ പലപ്പോഴും ഫ്ലാറ്റാകുന്നു. എന്നാൽ ഇംഗ്ലണ്ടിലെ പിച്ചുകൾ ഒരിക്കലും ഫ്ലാറ്റാകാറില്ല. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

” സാഹചര്യങ്ങൾ കണക്കിലെടുത്താൽ വിരാട് കോഹ്ലിയെയും സ്റ്റീവ് സ്മിത്തിനെയും ജോ റൂട്ടുമായോ കെയ്ൻ വില്യംസനുമായോ താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജോ റൂട്ടിന്റെ പ്രകടനം നോക്കൂ. ഇംഗ്ലണ്ടിലും ന്യൂസിലാൻഡിലും പോയി വിരാട് കോഹ്ലി ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നത് സങ്കൽപ്പിച്ചുനോക്കൂ.

ഇത് അവിശ്വസനീയമാണ് അതും ഇത്തരം ടേണിങ് പിച്ചുകളിൽ. മൂന്ന് ടെസ്റ്റിൽ നിന്നും 600 ലധികം റൺസ് അവൻ നേടി കഴിഞ്ഞു. അതും ആദ്യ ദിനം മുതൽ പന്ത് ടേൺ ചെയ്തുതുടങ്ങുന്ന ഏഷ്യയിൽ. ” ഗംഭീർ കൂട്ടിച്ചേർത്തു.