Skip to content

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അഞ്ചാം ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് 19 ഫോറും 2 സിക്സുമടക്കം 218 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പം ജോ റൂട്ടെത്തി.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 228 റൺസും രണ്ടാം മത്സരത്തിൽ 186 റൺസും ജോ റൂട്ട് നേടിയിരുന്നു. ഇതോടെ ഡോൺ ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ 150+ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ജോ റൂട്ട് സ്വന്തമാക്കി.

1937 ലാണ് ഈ അപൂർവ്വനേട്ടം സർ ഡോൺ ബ്രാഡ്മാൻ സ്വന്തമാക്കിയത്. പിന്നീട് ആർക്കും തന്നെ ഈ റെക്കോർഡിനൊപ്പമെത്താനോ തകർക്കാനോ സാധിച്ചിരുന്നില്ല.

ഇത് കൂടാതെ ക്രിക്കറ്റ് ചരിത്രത്തിൽ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡും ജോ റൂട്ട് സ്വന്തമാക്കിയിരുന്നു. ഇതിനുമുൻപ് എട്ട് ബാറ്റ്‌സ്മാന്മാർ തങ്ങളുടെ നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടിയിരുന്നുവെങ്കിലും ആർക്കും തന്നെ ഇരട്ട സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല.

ഏഷ്യയിൽ ജോ റൂട്ടിന്റെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. ഇതോടെ ഏഷ്യയിൽ ഒന്നിൽ കൂടുതൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന റെക്കോർഡും ജോ റൂട്ട് സ്വന്തമാക്കി.