Skip to content

ഇതിഹാസങ്ങൾക്ക് പോലും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. 377 പന്തിൽ 19 ഫോറും 2 സിക്സുമടക്കം 218 റൺസ് നേടിയാണ് ജോ റൂട്ട് പുറത്തായത്. ടെസ്റ്റിൽ ജോ റൂട്ടിന്റെ അഞ്ചാം ഡബിൾ സെഞ്ചുറിയും ക്യാപ്റ്റനായി നേടുന്ന മൂന്നാം ഡബിൾ സെഞ്ചുറിയുമാണിത്.

ടെസ്റ്റ് ക്രിക്കറ്റിലെ ജോ റൂട്ടിന്റെ നൂറാം മത്സരം കൂടിയാണിത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് നൂറാം ടെസ്റ്റ് മത്സരത്തിൽ ഒരു ബാറ്റ്‌സ്മാൻ ഡബിൾ സെഞ്ചുറി നേടുന്നത്. നൂറാം ടെസ്റ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും ജോ റൂട്ട് ഇതോടൊപ്പം സ്വന്തമാക്കി.

2005 ൽ ഇന്ത്യയ്ക്കെതിരെ ബാംഗ്ലൂരിൽ തന്റെ നൂറാം ടെസ്റ്റിൽ 184 റൺസ് നേടിയ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ റെക്കോർഡാണ് ജോ റൂട്ട് തകർത്തത്.

ഇതിനുമുൻപ് 8 ബാറ്റ്‌സ്മാന്മാർ തങ്ങളുടെ നൂറാം ടെസ്റ്റിൽ  സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും ഇരട്ട സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല.

നൂറാം ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ബാറ്റ്‌സ്മാന്മാർ

  1. ജോ റൂട്ട് – 218
  2. ഇൻസമാം ഉൾ ഹഖ് – 184
  3. ഗോർഡൻ ഗ്രീനിഡ്ജ് – 149
  4. ജാവേദ് മിയാൻദാദ് – 145
  5. റിക്കി പോണ്ടിങ് – 143-

മത്സരത്തിലെ പ്രകടനത്തോടെ അലക് സ്റ്റുവർട്ടിനെ പിന്നിലാക്കി ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

  1. അലസ്റ്റയർ കുക്ക് – 12472 റൺസ്
  2. ഗ്രഹാം ഗൂച്ച് – 8900 റൺസ്
  3. ജോ റൂട്ട് – 8467 റൺസ്
  4. അലക് സ്റ്റുവർട്ട് – 8463 റൺസ്
  5. ഡേവിഡ് ഗോവർ – 8231 റൺസ്
  6. കെവിൻ പീറ്റേഴ്‌സൺ – 8181 റൺസ്