Skip to content

ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്നതായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്. നിരാശയ്ക്കിടയിലും ബൗളിങിനിടെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് ആരാധകരെയും സഹതാരങ്ങളെയും രസിപ്പിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഈ വീഡിയോയാകട്ടെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ടീ ബ്രേക്കിന് തൊട്ടുമുൻപുള്ള ഓവറിലെ അവസാന പന്തിലാണ് രോഹിത് ശർമ്മ ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ രസകരമായി അനുകരിച്ചത്.

വീഡിയോ ; 

377 പന്തിൽ 19 ഫോറും 2 സിക്സുമടക്കം 218 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ഈ പ്രകടനത്തോടെ നൂറാം ടെസ്റ്റിൽ ഇരട്ട. സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്ര റെക്കോർഡ് റൂട്ട് സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ടിന്റെ അഞ്ചാം ഇരട്ടസെഞ്ചുറിയാണിത്. ഇതിന് പുറകെ മുൻ താരം അലക് സ്റ്റുവർട്ടിനെ പിന്നിലാക്കി ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കി.

8900 റൺസ് നേടിയ ഗ്രഹാം ഗൂച്ച്, 12,472 റൺസ് നേടിയ അലസ്റ്റയർ കുക്ക് എന്നിവർ മാത്രമാണ് ഇനി റൂട്ടിന് മുൻപിലുള്ളത്.

100 മത്സരങ്ങളിൽ നിന്നും 50.39 ശരാശരിയിൽ 20 സെഞ്ചുറിയും 49 ഫിഫ്റ്റിയുമടക്കം 8467 റൺസ് ഇതുവരെ റൂട്ട് ഇംഗ്ലണ്ടിന് വേണ്ടി നേടിയിട്ടുണ്ട്.

റൂട്ടിന് പുറമെ 87 റൺസ് നേടിയ ഡൊമിനിക് സിബ്‌ലി, 118 പന്തിൽ 82 റൺസ് നേടിയ ബെൻ സ്റ്റോക്സ് എന്നിവർ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ, ഷഹബാസ് നദീം എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.