Skip to content

ആരാധകർക്ക് നിരാശ, ലേലത്തിൽ സൂപ്പർതാരമില്ല, 2 കോടി അടിസ്ഥാനവിലയിട്ട് 11 താരങ്ങൾ

ഐ പി എൽ പതിനാലാം സീസണ് മുൻപ് നടക്കുന്ന താരലേലത്തിൽ ലോകത്തെമ്പാടുനിന്നും 1097 താരങ്ങൾ രജിസ്റ്റർ ചെയ്തതായി ബിസിസിഐ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ഫെബ്രുവരി 18 ന് നടക്കുന്ന ലേലത്തിലുള്ളത്. ആരാധകർക്ക് നിരാശ സമ്മാനിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ലേലത്തിൽ നിന്നും പിന്മാറി.

207 ക്യാപിഡ് താരങ്ങളും 863 അൺക്യാപിഡ് താരങ്ങളും ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നും 27 താരങ്ങളും ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

1097 താരങ്ങളിൽ 11 താരങ്ങളാണ് അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ചിട്ടുള്ളത്.

മുൻ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ കേദാർ ജാഥവും ഹർഭജൻ സിങ്ങുമാണ് അടിസ്ഥാന വില 2 കോടിയുള്ള ഇന്ത്യൻ താരങ്ങൾ.

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ, ഇംഗ്ലണ്ട് താരങ്ങളായ മോയിൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്‌, മാർക്ക് വുഡ്, സൗത്താഫ്രിക്കൻ താരം കോളിൻ ഇൻഗ്രാം എന്നിവരാണ് അടിസ്ഥാനവില 2 കോടിയായി നിശ്ചയിച്ചിട്ടുള്ള മറ്റു താരങ്ങൾ.

കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന സ്റ്റീവ് സ്‌മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ റോയൽസ് മലയാളിതാരം സഞ്ജു സാംസണെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ 10 കോടിയ്ക്ക് ടീമിലെത്തി നിറംമങ്ങിയ മാക്‌സ്‌വെല്ലിനെ കിങ്സ് ഇലവൻ പഞ്ചാബും ഒഴിവാക്കിയിരുന്നു.

വെസ്റ്റിൻഡീസിൽ നിന്നാണ് ഇക്കുറി ഏറ്റവും കൂടുതൽ താരങ്ങൾ ലേലത്തിൽ പങ്കെടുക്കുന്നത്. 56 താരങ്ങൾ കരീബിയൻ മണ്ണിൽ നിന്നും ലേലത്തിൽ പേര് ചേർത്തിട്ടുണ്ട്. ഓസ്‌ട്രേലിയ (42), സൗത്താഫ്രിക്ക (38), ശ്രീലങ്ക (31), അഫ്‌ഗാനിസ്ഥാൻ (30), ന്യൂസിലാൻഡ് (29), ഇംഗ്ലണ്ട് (21) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.

ഒരു ടീം പരമാവധി 25 താരങ്ങളെ മാത്രമേ ഉൾപെടുത്താൻ സാധിക്കൂ എന്നതിനാൽ ലേലത്തിൽ പരമാവധി 61 താരങ്ങളെ മാത്രമേ ടീമുകൾക്ക് സ്വന്തമാക്കാൻ സാധിക്കൂ. 61 ൽ പരമാവധി 21 വിദേശ താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികൾക്ക് ടീമിലെത്തിക്കാൻ സാധിക്കൂ.