Skip to content

‘ അവന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു ‘ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മുന്നറിയിപ്പ് നൽകി സുനിൽ ഗവാസ്‌കർ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ മോശമായി സ്ലെഡ് ചെയ്തതിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നിനോട് രോഷം പ്രകടിപ്പിച്ച് സുനിൽ ഗവാസ്കർ.

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അവസാന ദിവസം സന്ദർശകരെ ഓൾ ഔട്ടാക്കി ഓസ്‌ട്രേലിയക്ക് 2-1 ലീഡ് നേടാനുള്ള സുവർണ്ണാവസരം ലഭിച്ചിരുന്നുവെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. എന്നിരുന്നാലും, ടീം ഇന്ത്യ അവിശ്വസനീയമായ പ്രതിരോധത്തിന് മുന്നിൽ ഓസ്‌ട്രേലിയൻ ബോളിങ് ആക്രമണത്തിന് ഒന്നും ചെയ്യാനായില്ല, നാലാം ഇന്നിംഗ്‌സിൽ ഇന്ത്യ 131 ഓവറാണ് ബാറ്റ് ചെയ്തത്.

അതേസമയം ടിം പെയ്‌നിന്റെ ഫീൽഡ് പ്ലെയ്‌സ്‌മെന്റുകളും ബോളിംഗ് മാറ്റങ്ങളും ഇതിലും മികച്ചതാകാമെന്ന് സുനിൽ ഗവാസ്‌കർ ചൂണ്ടിക്കാട്ടി. അതിന് പകരം അദ്ദേഹം തന്റെ സ്ലെഡ്ജിംഗിലൂടെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ, പ്രത്യേകിച്ച് രവിചന്ദ്രൻ അശ്വിന്റെ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് ഗവാസ്‌കർ വിമർശിച്ചു.

” ഞാൻ ഓസ്ട്രേലിയൻ സെലക്ടറല്ല, എന്നായിരുന്നാലും ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന്റെ (ടിം പെയിന്റെ) ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നു. മികച്ച ബോളിങ് ആക്രമണം ലഭിച്ചിട്ടും വിക്കറ്റ് ലഭിക്കാതെ 130 ഓവറുകൾ ബാറ്റ് ചെയ്യാൻ ഇന്ത്യൻ ടീമിനെ അനുവദിച്ചിരിക്കുകയാണ്. ബോളിംഗ് മാറ്റങ്ങൾ, ഫീൽഡ് പ്ലെയ്‌സ്‌മെന്റുകൾ ഇതിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ മത്സര ഫലത്തിൽ മാറ്റമുണ്ടാക്കുമായിരുന്നു. ” സുനിൽ ഗവാസ്‌കർ പറഞ്ഞു.

” പക്ഷെ അദ്ദേഹം ബാറ്റ്സ്മാനെ സ്ലെഡ്ജിങ് ചെയ്യാനാണ് കൂടുതൽ താൽപര്യം കാണിച്ചത്. അതിനാൽ പരമ്പര അവസാനിച്ചതിന് ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻസിയിൽ എന്തെങ്കിലും മാറ്റം വന്നാൽ ഞാൻ ആശ്ചര്യപ്പെടില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

സിഡ്‌നിയിൽ അഞ്ചാം ദിനം കണ്ടത് പെയ്നിന്റെ ക്യാപ്റ്റൻസി പോരായ്മ മാത്രമല്ല 3 നിർണായക ക്യാച്ചുകൾ പാഴാക്കുകയും ചെയ്തു. നഥാൻ ലിയോണിന്റെ പന്തിൽ റിഷാബ് പന്തിന്റെ 2 ക്യാച്ചും, സ്റ്റാർക്കിന്റെ ഓവറിൽ വിഹാരിയുടെ ക്യാച്ചുമാണ് വിട്ട് കളഞ്ഞത്.