Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ; പരിക്കിനെ തുടർന്ന് മറ്റൊരു താരം കൂടി നാട്ടിലേക്ക് മടങ്ങുന്നു

ഓസ്‌ട്രേലിയൻ പര്യടനത്തിൽ വീണ്ടും തലവേദനയായി താരങ്ങളുടെ പരിക്ക്. സിഡ്‌നിയിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ 2 താരങ്ങൾക്കാണ് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനും സീനിയർ ഓൾ റൗണ്ടർ ജഡേജയ്ക്കുമാണ് പരിക്കേറ്റത്. പന്തിന്റെ ഇടത്കൈത്തണ്ടിലാണ് പരിക്കേറ്റത്. കമ്മിൻസിന്റെ പന്തിൽ നേരിട്ട് പ്രഹരമേൽക്കുകയായിരുന്നു.

ജഡേജയുടെ ഇടത്തെ കയ്യിലെ തള്ളവിരലിനാണ് പരിക്ക്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെ ഇരുവരെയും സ്കാനിങ്ങിനായി അയച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യും, എന്നാൽ ജഡേജയുടെ പരിക്ക് വഷളായതിനാൽ അവസാന ടെസ്റ്റിൽ
ടീമിൽ ഉണ്ടായിരിക്കില്ല.

” രവീന്ദ്ര ജഡേജയുടെ ഇടത് തള്ളവിരലിന് സ്ഥാനചലനവും ഒടിവും സംഭവിച്ചിട്ടുണ്ട്. ഗ്ലൗസ് ധരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായിരിക്കും, ” മുതിർന്ന ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ റിഷഭ് പന്തിന് പകരം സാഹയാണ് വിക്കറ്റ് കീപ്പിങ് ചെയ്യുന്നത്. ബാറ്റിങ്ങിൽ പുറത്താകാതെ 28 റൺസും ബോളിങ്ങിലൂടെ 4 വിക്കറ്റും വീഴ്ത്തിയ ജഡേജ മടങ്ങുന്നതോടെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ നിരയിൽ 10 പേരായിരിക്കും ബാറ്റിങ്ങിന് ഇറങ്ങുക.

നേരെത്തെ പരിക്കിനെ തുടർന്ന് പേസ് ബോളർമാരായ ഷമിയും ഉമേഷ് യാദവും മടങ്ങിയിരുന്നു. ഇനി ഓസ്‌ട്രേലിയൻ പര്യടനത്തിൽ ശേഷിക്കുന്നത് ഒരു ടെസ്റ്റ് മത്സരം മാത്രമാണ്. ജഡേജയ്ക്ക് പകരക്കാരനായി നാലാം ടെസ്റ്റിൽ ആര് ഇറങ്ങുമെന്നത് വ്യക്തമല്ല.