Skip to content

ഇതിഹാസങ്ങളെ മറികടന്ന് ഓസ്‌ട്രേലിയയിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ്ങിലെ പിഴവ് മൂലം പലപ്പോഴും വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്.
എന്നിരുന്നാലും, ബാറ്റിങ്ങിലൂടെ കയ്യടി വാങ്ങാൻ താരം മറക്കാറില്ല. വിദേശ പിച്ചിൽ മുൻ നിര താരങ്ങൾ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും ടീമിനായി നിർണായക റൺസുകൾ നേടാൻ റിഷഭ് പന്തിനാവുന്നുണ്ട്.

മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും 36 റൺസ് നേടിയാണ് പുറത്തായത്. ബാറ്റിങ്ങിനിടെ ഇടത് കയ്യിന് പരിക്കേറ്റ യുവ താരത്തിന് കൂടുതൽ നേരം ക്രീസിൽ തുടരാനായില്ല. ഹെസ്ൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഈ ഇന്നിംഗ്സോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സ് ഉൾപ്പെടെയുള്ളവരെ മറികടന്ന് അപൂർവ നേട്ടത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പന്ത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ പിച്ചിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ 25ൽ കൂടുതൽ റൺസ് നേടിയ തരാമെന്ന നേട്ടമാണ് പന്തിനെ തേടിയെത്തിയത്. ഒമ്പത് തവണയാണ് 25ൽ കൂടുതൽ റൺസ് നേടിയത്. വിവിയൻ റിച്ചാർഡ്സ് 8 തവണ നേടിയിട്ടുണ്ട്.

ഈ ഒമ്പത് ഇന്നിംഗ്സ് ഒരു തവണ സെഞ്ചുറിയും കടന്നിട്ടുണ്ട്. 2018 പര്യടനത്തിൽ സിഡ്‌നി ഗ്രൗണ്ടിൽ വെച്ച് തന്നെയാണ് സെഞ്ചുറി ( 159 ) നേടിയത്.

ഇതുവരെ 14 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പന്ത് 843 റൺസ് നേടിയിട്ടുണ്ട്. 38.32 ആവേറേജിലാണ് ഈ പ്രകടനം. ആദ്യ ടെസ്റ്റിൽ സാഹ പരാജയപ്പെട്ടതോടെയാണ് പന്ത് ഏറെ നാളുകൾക്ക് ശേഷം ടീമിലെത്തിയത്. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിൽ പന്ത് തന്നെയാകും ഇന്ത്യയ്ക്കായി വിക്കറ്റിന് പിന്നിലുണ്ടാവുക.