Skip to content

ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി തയ്യാറാകണം ; ഇർഫാൻ പത്താൻ

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ക്രിക്കറ്റ് പന്തിൽ ഉമിനീർ പുരട്ടാനുള്ള അനുമതി ബൗളർമാർക്ക് നിഷേധിച്ചതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇനിമുതൽ ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഒരുക്കാൻ ഐസിസി ഇടപെടണമെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ബാറ്റ്‌സ്മാന്മാർക്ക് കൂടുതൽ ആനുകൂല്യം നൽകുമെന്നും ഈ വിലക്ക് രണ്ട് വർഷമെങ്കിലും നീണ്ടാക്കാമെന്നതിനാൽ ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ അനിവാര്യമാണെന്നും പത്താൻ കൂട്ടിച്ചേർത്തു.

മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് കൊവിഡിന് ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഉമിനീർ ഉപയോഗിച്ച് പന്ത് ഷൈൻ ചെയ്യുന്നത് വിലക്കിയുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. എന്നാൽ വിയർപ്പ് ഉപയോഗിച്ച് പന്ത് ഷൈൻ ചെയ്യാനുള്ള അനുമതി കമ്മിറ്റി നൽകിയിരുന്നു.

പന്ത് വേണ്ടവിധം ഷൈൻ ചെയ്യാൻ സാധിച്ചില്ലയെങ്കിൽ വായുവിൽ സ്വിങ് ചെയ്യാൻ സാധിക്കുകയില്ലെന്നും ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കാൻ വേഗത മാത്രം പോരെന്നും സ്വിങും വേഗതയും കൂടിചേർന്നാൽ മാത്രമേ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കാൻ സാധിക്കുകയുള്ളൂവെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.