Skip to content

മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ല ; രോഹിത് ശർമ്മ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ലയെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡിന്റെ ബാറ്റിങ് കണ്ടപ്പോൾ അവർ അനായാസം വിജയം നേടുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ 40 പന്തിൽ 65 റൺസ് നേടിയ രോഹിത് ശർമ്മയാണ് മികച്ച സ്കോറിൽ എത്തിച്ചത്. 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിനെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 48 പന്തിൽ 95 റൺസ് നേടി മുന്നിൽ നിന്നുനയിച്ചെങ്കിലും അവസാന ഓവറിൽ മൊഹമ്മദ് ഷാമിയിലൂടെ ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തുകയായിരുന്നു.

സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിൽ ന്യൂസിലാൻഡ് ബുംറയ്‌ക്കെതിരെ 17 റൺസ് നേടുകയും ചെയ്തു. 18 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സൗത്തീ എറിഞ്ഞ സൂപ്പറോവരിലെ ആദ്യ നാല് പന്തിൽ 8 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. അവസാന രണ്ട് പന്തിൽ 10 റൺസ് വേണമെന്നിരിക്കെ രണ്ട് സിക്സ് പറത്തി രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

സൂപ്പറോവറിന് മാത്രമായി ഒരിക്കലും പരിശീലനം നടത്തുവാൻ സാധിക്കുകയില്ലെന്നും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്മാരായിരിക്കും ബാറ്റിങിനായി സൂപ്പറോവറിൽ ഇറങ്ങുകയെന്നും ഒരു പക്ഷേ മത്സരത്തിൽ 60 റൺസ് നേടാൻ സാധിച്ചില്ലെങ്കിൽ തനിക്ക് പകരം ശ്രേയസ് അയ്യരോ മറ്റോ ആയിരിക്കും സൂപ്പറോവരിൽ ഇറങ്ങുകയെന്നും വിജയലക്ഷ്യം എത്ര തന്നെയായാലും സൂപ്പറോവറിൽ കൂടുതൽ സമ്മർദ്ദം ബൗളറിനായിരിക്കുമെന്നും അതനുസരിച്ചാണ് താൻ ബാറ്റ് ചെയ്തതെന്നും രോഹിത് ശർമ്മ പറഞ്ഞു.