Skip to content

ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഹാമിൾട്ടണിൽ നടന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സൂപ്പറോവറിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം ഇക്കാര്യം താൻ പരിശീലകനായ രവി ശാസ്ത്രിയോട് സൂചിപ്പിച്ചിരുന്നുവെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു.

ന്യൂസിലാൻഡിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 48 പന്തിൽ 95 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും അവസാന ഓവറിൽ മൊഹമ്മദ് ഷാമിയുടെ മികവിലും സൂപ്പറോവറിൽ രോഹിത് ശർമ്മയുടെ മികവിലും ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.

” ഒരു ഘട്ടത്തിൽ ഞങ്ങൾ ചിത്രത്തിൽ നിന്നും പുറത്തായികഴിഞ്ഞിരുന്നു. ന്യൂസിലാൻഡ് മത്സരത്തിൽ വിജയം അർഹിച്ചിരുന്നുവെന്ന് ഞാൻ ഞങ്ങളുടെ കോച്ചിനോട് സൂചിപ്പിച്ചിരുന്നു കാരണം അത്രത്തോളം മികച്ച രീതിയിലാണ് കെയ്ൻ ബാറ്റ് ചെയ്തതും മുന്നിൽ നിന്ന് നായിച്ചതും. ഷാമി പരിചയസമ്പത്ത് പുറത്തെടുത്തതിനാൽ നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. ” വിരാട് കോഹ്ലി പറഞ്ഞു.

സൂപ്പറോവറിൽ 18 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ നാല് പന്തിൽ 8 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. എന്നാൽ അവസാന രണ്ട് പന്തിൽ സിക്സ് പറത്തി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരം കൂടെ ബാക്കിനിൽക്കെ 3-0 ന് ഇന്ത്യ സ്വന്തമാക്കി