Skip to content

ടെസ്റ്റ് ക്രിക്കറ്റ് വികാരമാണ് ; ജനപ്രീതി ഇപ്പോഴും അവസാനിച്ചിട്ടില്ല ; ഐസിസിയുടെ പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സെവാഗ്

കോഹ്ലി, സച്ചിൻ എന്നിവർക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസമായി വെട്ടിച്ചുരുക്കാനുള്ള ഐസിസിയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് . എക്കാലവും മാറ്റത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും, എന്നാൽ ഇത് ഒരു തരത്തിലും പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും ബിസിസിഐയുടെ വാർഷിക അവാർഡ് വേദിയിൽ സംസാരിക്കവെ സെവാഗ് വ്യക്തമാക്കി .

” മാറ്റത്തെ ഞാൻ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ്, പക്ഷേ അഞ്ച് ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റ് അത് പ്രണയമാണ്. ഒരു ഫീൽഡ് സജ്ജമാക്കി ബാറ്റ്സ്മാനെ പുറത്താക്കാൻ ബോളർമാർ ശ്രമിക്കുന്നതും. ബാറ്റ്സ്മാൻ ഒരു ഇന്നിംഗ്സ് കെട്ടിപ്പടുത്ത് വിജയിക്കാൻ ശ്രമിക്കുന്നതും … പ്രണയത്തിലായ ഒരാൾ കാമുകിയിൽ നിന്നും ‘Yes’ ലഭിക്കാൻ കാത്തിരിക്കുന്നത് പോലെ സ്ലിപ്പിലെ ഫീൽഡർ പന്തിനായി കാത്തിരിക്കുന്നതും ” സെവാഗ് പറഞ്ഞു.

” ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ ക്യാപ്റ്റൻ ഞാനായിരുന്നു. അതിൽ എനിക്ക് അഭിമാനവുമുണ്ട്. 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഞാൻ അംഗമായിരുന്നു. എങ്കിലും അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങൾ ഒരു വികാരം തന്നെയാണ്’ – സേവാഗ് പറഞ്ഞു.

” അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ ജനപ്രീതി ഇപ്പോഴും അവസാനിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിന് 142 വയസ്സായെങ്കിലും ഇപ്പോഴും പൂർണ ഫിറ്റാണ്. അതിനൊരു ആത്മാവുണ്ട്. നിലാവ് നാലു രാത്രികളിൽ കാണുമായിരിക്കും. ടെസ്റ്റ് മത്സരങ്ങൾ അങ്ങനെയല്ല. വെള്ളത്തിൽനിന്ന് പുറത്തെടുത്താൽ പിന്നെ മത്സ്യത്തിന് ജീവനില്ല’ – സേവാഗ് ചൂണ്ടിക്കാട്ടി.