Skip to content

ഏകദിന റൺവേട്ടയിൽ കാലിസിനെയും പിന്നിലാക്കി കിങ് കോഹ്ലി ; ഇനി മുന്നിൽ ആറുപേർ മാത്രം

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് 11579 റൺസ് നേടിയ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക്വസ് കാലിസിനെ പിന്നിലാക്കി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ കോഹ്ലി ഏഴാം സ്ഥാനത്തെത്തിയത്.

മത്സരത്തിൽ 81 പന്തിൽ 85 റൺസ് നേടിയ കോഹ്ലി ഏകദിന ക്രിക്കറ്റിൽ ഇതുവരെ 242 മത്സരത്തിൽ നിന്നും 59.84 ശരാശരിയിൽ 11609 റൺസ് നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 328 മത്സരങ്ങളിൽ നിന്നും 44.36 ശരാശരിയിലാണ് കാലിസ് 11579 റൺസ് നേടിയത്.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ.

സച്ചിൻ ടെണ്ടുൽക്കർ ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

മത്സരത്തിലെ പ്രകടനത്തോടെ രോഹിത് ശർമ്മയെ പിന്നിലാക്കി 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.