Skip to content

തുടർച്ചയായ നാലാം വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ; ഒരേയൊരു രാജാവ് അത് കോഹ്ലി തന്നെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ അർധസെഞ്ചുറിയോടെയാണ് രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട് കോഹ്ലി 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി മാറിയത്.

ഈ വർഷം മൂന്ന് ഫോർമാറ്റിൽ നിന്നുമായി 2442 റൺസ് രോഹിത് ശർമ്മ നേടിയപ്പോൾ 2455 റൺസ് മൂന്ന് ഫോർമാറ്റിൽ നിന്നുമായി വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു..

2082 റൺസ് നേടിയ ബാബർ അസം, 1820 റൺസ് നേടിയ റോസ് ടെയ്ലർ, 1790 റൺസ് നേടിയ ജോ റൂട്ട് എന്നിവരാണ് ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ.

2016 ൽ 2595 റൺസും 2017 ൽ 2818 റൺസും 2018 ൽ 2735 റൺസും കോഹ്ലി നേടിയിരുന്നു.

ഈ നേട്ടത്തിൽ പുറകിലായെങ്കിലും ലോകകപ്പിൽ നേടിയ അഞ്ച് സെഞ്ചുറിയടക്കം 10 സെഞ്ചുറി നേടിയ രോഹിത് ശർമ്മ ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി. 1490 റൺസ് ഈ വർഷം ഏകദിനത്തിൽ അടിച്ചുകൂട്ടിയപ്പോൾ 1377 റൺസ് നേടി രണ്ടാം സ്ഥാനത്തെത്താനെ വിരാട് കോഹ്ലിയ്ക്ക് സാധിച്ചുള്ളൂ.