Skip to content

അഞ്ച് വിക്കറ്റ് നേട്ടവുമായി ഉമേഷ് യാദവ്‌ ; പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 46 റൺസിന്റെയും തകർപ്പൻ വിജയം. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കി.. ഇത് തുടർച്ചയായ നാലാം മത്സരത്തിലാണ് ഇന്ത്യ ഇന്നിങ്സ് വിജയം നേടുന്നത്.

152 റൺസിന് ആറ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിന് 195 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയുമാണ് ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയത്.

74 റൺസ് നേടിയ മുഷ്ഫിഖുർ റഹിം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. 39 റൺസ് നേടി രണ്ടാം ദിനം പരിക്ക് മൂലം പുറത്തായ മഹ്മദുള്ളയ്ക്ക് പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ബാറ്റിങിനിറങ്ങാൻ സാധിച്ചില്ല.

മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പോയിന്റ് 360 ആയി ഉയർന്നു.