Skip to content

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ പിങ്ക് ബോൾ ടെസ്റ്റ് മാത്രം പോരാ ; രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിനായി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാൻ ഡേ നൈറ്റ് മത്സരങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ജനപ്രിയത തിരിച്ചുകൊണ്ടുവരുന്നതിൽ എടുക്കാവുന്ന നടപടികളിൽ ഒന്നുമാത്രമാണ് ഡേ നൈറ്റ് മത്സരങ്ങളെന്നും സ്റ്റേഡിയങ്ങളിൽ മികച്ച സൗകര്യങ്ങളും ഉൾപ്പെടെ ആവശ്യമാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” 2001 ൽ ഈഡൻ ഗാർഡൻസിൽ ഒരു ലക്ഷം കാണികൾ ഉണ്ടായിരുന്നുവെന്ന് പറയുമ്പോഴും വിസ്മരിക്കപെടുന്ന കാര്യമുണ്ട്. ആ സമയത്ത് സ്റ്റേഡിയത്തിനേക്കാൾ മികച്ച അനുഭവം നൽകുന്ന HD ടെലിവിഷനോ, മൊബൈലിൽ ക്രിക്കറ്റ് കാണുന്നതിനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. അന്ന് മത്സരം കാണണമെന്നുണ്ടെങ്കിൽ നിങ്ങൾ സ്റ്റേഡിയത്തിൽ എത്തണമായിരുന്നു. കാര്യങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ് അക്കാര്യം നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ആഷസിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ക്രിക്കറ്റ് പഴയ പ്രതാപത്തിലാണെന്ന് നിങ്ങൾക്ക് വാദിക്കാം. എന്നാൽ അവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. കാരണം അവിടെ അവർക്ക് പ്രത്യേക ടെസ്റ്റ് ക്രിക്കറ്റ് കലണ്ടർ തന്നെയുണ്ട് നമുക്കതില്ല. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

” ഡിസംബറിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിനും ജൂലൈയിൽ നടക്കുന്ന ലോർഡ്‌സ് ടെസ്റ്റിനും മാസങ്ങൾക്ക് മുൻപേ ആരാധകർക്ക് പ്ലാൻ ചെയ്യാം. അക്കാര്യം ഇന്ത്യയിലും കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം സ്റ്റേഡിയങ്ങളിൽ മികച്ച സൗകര്യങ്ങളും ആരാധകർക്ക് വേണ്ടി ഒരുക്കണം ” ദ്രാവിഡ് കൂട്ടിച്ചേർത്തു.

നവംബർ 22 നാണ് ഇന്ത്യയുടെ ആദ്യ ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസാണ് ചരിത്രടെസ്റ്റിന് വേദിയാകുന്നത്.