Skip to content

ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അബുദാബി ടി10 ലീഗിൽ ടീം അബുദാബിയും മറാത്ത അറേബ്യൻസും തമ്മിൽ നടന്ന മത്സരശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുവേയാണ് തന്റെ അഭിപ്രായം യുവരാജ് തുറന്നുപറഞ്ഞത്.

മത്സരത്തിൽ മറാത്തയ്ക്ക് വേണ്ടി 30 പന്തിൽ 91 റൺസ് നേടി ടി10 ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് ലിൻ സ്വന്തമാക്കിയിരുന്നു.

” അസാധാരണ പ്രകടനമാണ് ക്രിസ് ലിൻ കാഴ്ച്ചവെച്ചത്. ഷോട്ടുകൾ എല്ലാം തന്നെ അവിശ്വസനീയമായിരുന്നു. ഐ പി എല്ലിൽ അവന്റെ പ്രകടനങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കൊൽക്കത്തയ്ക്ക് മികച്ച തുടക്കം പലപ്പോഴും അവൻ നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവനെ കൊൽക്കത്ത നിലനിർത്താതിരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് തോന്നുന്നു അതൊരു മോശം തീരുമാനമാണമെന്ന്. അക്കാര്യത്തിൽ ഷാരുഖ് ഖാന് (കൊൽക്കത്ത ടീം ഓണർ) മെസ്സേജ് ചെയ്യേണ്ടതുണ്ട്” മറാത്ത അറേബ്യൻസ് താരം കൂടിയായ യുവി പറഞ്ഞു.

മത്സരത്തിൽ 30 പന്തിൽ ഒമ്പത് ഫോറും ഏഴ് സിക്സുമടക്കമാണ് ലിൻ 91 റൺസ് അടിച്ചുകൂട്ടിയത്. ലിന്നിന്റെ മികവിൽ നിശ്ചിത 10 ഓവറിൽ രണ്ട് മാത്രം വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 138 റൺസ് നേടിയ മറാത്ത മറുപടി ബാറ്റിങിനിറങ്ങിയ ടീം അബുദാബിയെ നിശ്ചിത 10 ഓവറിൽ 114 റൺസിൽ എറിഞ്ഞൊതുക്കി.

32 പന്തിൽ 87 റൺസ് നേടിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ അലക്‌സ് ഹെയ്ൽസിന്റെ പേരിലായിരുന്നു ഇതിനുമുൻപ് ഈ റെക്കോർഡ്.