Skip to content

ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം

2020 ഐ പി എൽ സീസണിൽ നിന്നും പിന്മാറി മുൻ രാജസ്ഥാൻ റോയൽസ് താരം ലിയാം ലിവിങ്സ്റ്റൺ. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം ഐ പി എല്ലിൽ നിന്നും പിന്മാറുന്നത്. 2017 ൽ സൗത്താഫ്രിയ്ക്കെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിനായി ലിവിങ്സ്റ്റൺ അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും പിന്നീട് ടീമിലിടം നേടാൻ താരത്തിന് സാധിച്ചില്ല. 2015 ൽ നടന്ന ആഭ്യന്തര ഏകദിന മത്സരത്തിൽ 138 പന്തിൽ 350 റൺസ് നേടിയതോടെ ലിവിങ്സ്റ്റൺ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിക്കുന്നത്. ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റിലെ ഈ തകർപ്പൻ പ്രകടനങ്ങളെ തുടർന്നാണ് കഴിഞ്ഞ സീസണിൽ താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

സീസണിൽ നാല് മത്സരങ്ങൾ മാത്രം കളിച്ച ലിവിങ്സ്റ്റൺ ടീമിന് വേണ്ടി 70 റൺസ് നേടിയിരുന്നു.

” കഴിഞ്ഞ വർഷം രാജസ്ഥാനൊപ്പമുള്ള എക്സ്പീരിയൻസ് ഗംഭീരമായിരുന്നു. ഓരോ നിമിഷവും ആസ്വദിക്കാനും കുറെ കാര്യങ്ങൾ പഠിക്കാനും സാധിച്ചു. എന്നിരുന്നാലും അടുത്ത സമ്മറിൽ റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഫോർമാറ്റിലും എന്റെ കഴിവ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. അതിനായി ഏറ്റവും മികച്ച വഴി ഡിവിഷൻ വണ്ണിലെ പ്രകടനമാണ്. ” ലിവിങ്സ്റ്റൺ പറഞ്ഞു.

ഐ പി എല്ലിൽ നിന്നും പിന്മാറിയതോടെ ലാൻകഷയറിനായി റെഡ് ബോൾ, ടി20 ടൂർണമെന്റുകളിലെ മുഴുവൻ മത്സരങ്ങളിലും ലിവിങ്സ്റ്റണ് കളിക്കാൻ സാധിക്കും. എന്നാൽ ” ദി ഹൻഡ്രഡ് ” ആരഭിക്കുന്നതിനാൽ ഏകദിന ടൂർണമെന്റ് താരത്തിന് നഷ്ട്ടമാകും..