Skip to content

നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഞാൻ ശക്തമായി തിരിച്ചെത്തും ; ഷാക്കിബ്‌ അൽ ഹസൻ

ഐസിസിയുടെ രണ്ട് വർഷത്തെ വിലക്ക് ഏറ്റുവാങ്ങിയതിന് പുറകെ ക്രിക്കറ്റ് ആരാധകരോട് പിന്തുണ അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. പിന്തുണയുണ്ടെങ്കിൽ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ശക്തമായി തനിക്ക് തിരിച്ചെത്താനാവുമെന്നും ഷാക്കിബ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.

” കഴിഞ്ഞ വർഷങ്ങളിൽ എന്നോടൊപ്പം ഉണ്ടായിരുന്ന ആരാധകരും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഗവണ്മെന്റും മാധ്യമങ്ങളും എന്റെ മോശം സമയത്തും പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ എനിക്ക് അധികം വൈകാതെ ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ സാധിക്കും. ” ഷാക്കിബ്‌ പറഞ്ഞു.

വിലക്കിനെ തുടർന്ന് അടുത്ത വർഷം ഒക്ടോബർ എട്ട് മുതൽ നവംബർ 15 വരെ നടക്കുന്ന ട്വന്റി20 ലോകകപ്പും ഷാക്കിബിന് നഷ്ട്ടമാകും. നേരത്തെ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു ഷാക്കിബ്‌ കാഴ്ച്ചവെച്ചത്. ടൂർണമെന്റിൽ 600 ന് മുകളിൽ റൺസും 11 വിക്കറ്റും നേടിയ ഷാക്കിബ്‌ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസും 250 വിക്കറ്റും നേടുന്ന താരമെന്ന ചരിത്ര റെക്കോർഡും ലോകകപ്പിനിടയിൽ നേടിയിരുന്നു.

കഴിഞ്ഞ വർഷം ഒത്തുകളിക്ക് പണം വാഗ്‌ദാനം ചെയ്ത് വാതുവയ്പ് സംഘം സമീപിച്ചത് ഐസിസി അഴിമതി വിരുദ്ധ സെല്ലിനെ അറിയിക്കാത്തതിനെ തുടർന്നാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും നിലവിലെ നമ്പർ 1 ഏകദിന ഓൾറൗണ്ടർ കൂടിയായ ഷാക്കിബിനെ ഐസിസി രണ്ട് വർഷത്തേക്ക് വിലക്കിയത്. ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിലെ മൂന്ന് വകുപ്പുകൾ താൻ ലംഘിച്ചതായി ഐസിസി കമ്മീഷന് മുൻപാകെ ഷാക്കിബ്‌ സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരു വർഷത്തെ വിലക്കിൽ ഐസിസി ഇളവ് നൽകുകയും ചെയ്തതിനാൽ അടുത്ത വർഷം ഒക്ടോബർ അവസാനത്തോടെ ഷാക്കിബിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താൻ സാധിക്കും.