Skip to content

കടുത്ത നടപടിയുമായി ഐസിസി ; ഷാക്കിബ്‌ അൽ ഹസന് രണ്ട് വർഷത്തെ വിലക്ക്

ബംഗ്ലാദേശ് ഓൾ റൗണ്ടറും ടെസ്റ്റ്, ട്വന്റി20 ക്യാപ്റ്റനും കൂടിയായ ഷാക്കിബ് അൽ ഹസന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒത്തുകളിക്ക് പണം വാഗ്‌ദാനം ചെയ്ത് വാതുവയ്പ് സംഘം സമീപിച്ചത് ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും നിലവിലെ നമ്പർ 1 ഏകദിന ഓൾറൗണ്ടർ കൂടിയായ ഷാക്കിബിനെ ഐസിസി വിലക്കിയത്. ഐസിസി അഴിമതിവിരുദ്ധ ചട്ടത്തിലെ മൂന്ന് വകുപ്പുകൾ ലംഘിച്ചതായി ഷാക്കിബ്‌ സമ്മതിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ബംഗ്ലാദേശ്, സിംബാബ്‌വെ, ശ്രീലങ്ക എന്നീ ടീമുകൾ തമ്മിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിലുമാണ് വാതുവെപ്പുക്കാർ ഷാക്കിബിനെ സമീപിച്ചത്.

കുറ്റം സമ്മതിച്ചതിനെ തുടർന്ന് രണ്ട് വർഷത്തെ വിലക്കിൽ ഒരു വർഷത്തെ ഇളവ് ഐസിസി നൽകിയിട്ടുണ്ട്. അതിനാൽ അടുത്ത വർഷം ഒക്ടോബറോടെ ഷാക്കിബിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താൻ സാധിക്കും.