Skip to content

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പരമ്പരയ്ക്ക് തൊട്ടുമുൻപ് വിരാട് കോഹ്ലി കളിക്കാൻ തയ്യാറാവുകയായിരുന്നു.

നവംബർ മൂന്നിനാണ് ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. അതിന് ശേഷം രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഒരിടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ടി20യിൽ കോഹ്ലി തിരിച്ചെത്തിയിരുന്നു. പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ് മെച്ചപ്പെടുത്തിയ കോഹ്ലി രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലിനും പുറകിൽ പത്താം സ്ഥാനത്തെത്തിയിരുന്നു. വിശ്രമത്തോടെ മത്സരങ്ങൾ നഷ്ട്ടമായി റാങ്കിങിൽ പുറകോട്ട് പോകുമെന്നതിൽ നിരാശയിലാണ് കോഹ്ലി ആരാധകർ.