Skip to content

ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

പരിചയസമ്പത്തുള്ള താരങ്ങളുടെ കുറവാണ്‌ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഒരൊറ്റ രാത്രികൊണ്ട് എ ബി ഡിവില്ലിയേഴ്സിനെയും ഹാഷിം അംലയെയും പോലെയുള്ള ലോകോത്തര താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുവാൻ സാധിക്കുകയില്ലെന്നും മത്സരശേഷം ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.
പൂനെയിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 137 റൺസിനുമായിരുന്നു ഇന്ത്യ വിജയം നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യൻ ടീമിൽ ഒരുപാട് എക്സ്പീരിയൻസുള്ള താരങ്ങൾ ഉണ്ടെന്നും എന്നാൽ സൗത്താഫ്രിക്ക എക്സ്പീരിയൻസ് മൊത്തത്തിൽ നഷ്ട്ടപെട്ട ഘട്ടത്തിലാണെന്നും ഡെയ്ൽ സ്റ്റെയ്ൻ, മോർനെ മോർക്കൽ, ഹാഷിം അംല, എ ബി ഡിവില്ലിയേഴ്സ് എന്നിവർക്ക് ഒരൊറ്റ രാത്രികൊണ്ട് പകരക്കാരെ കണ്ടെത്താൻ സാധിക്കുകയില്ലെന്നും ഇക്കാര്യം ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് തന്നെ സൂചിപ്പിച്ചിരുന്നുവെന്നും അഞ്ചോ ആറോ മത്സരങ്ങളുടെ എക്സ്പീരിയൻസുള്ള യുവതാരങ്ങളാണ് ടീമിൽ ഉള്ളതെന്നും അതുകൊണ്ട് തന്നെ തങ്ങൾക്ക് സമയം ആവശ്യമാണെന്നും ഫാഫ് പറഞ്ഞു.

” ഞാനും എൽഗറും ഡീകോക്കും അടക്കമുള്ള സീനിയർ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. മറ്റുള്ളവർ റൺസ് നേടുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ സാധിക്കില്ല. ഫോം നഷ്ട്ടപെടുകയാണെങ്കിൽ ഇന്ത്യയിൽ കളിക്കുകയെന്ന കാര്യം ദുഷ്കരമാണ്. ” സൗത്താഫ്രിക്കൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.