Skip to content

നായകനെന്ന നിലയിൽ കോഹ്‌ലിക്ക് പരിശീലകനെ കുറിച്ച് പറയാനുള്ള അവകാശമുണ്ട് ; കോഹ്‌ലിക്ക് പിന്തുണയുമായി ഗാംഗുലി

ഏകദിന ലോകക്കപ്പിന് പിന്നാലെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ . കപില്‍ ദേവിന്റെ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെയാണ് കോച്ചിനെ കണ്ടെത്താനുള്ള ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നത്. കോച്ചായി രവി ശാസ്ത്രി തന്നെ തുടരുകയാണെങ്കില്‍ സന്തോഷമുണ്ടെന്ന് നായകന്‍ വിരാട് കോഹ്‌ലി അഭിപ്രായം പങ്കു വെച്ചിരുന്നു . പിന്നാലെ ഇതിനെതിരെ നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു . എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും വിരാടിന്റെ അഭിപ്രായത്തെ പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കോഹ്‌ലിയാണ് നായകനെന്നും അതുകൊണ്ടുതന്നെ ആരാകണം കോച്ച് എന്നകാര്യത്തില്‍ അഭിപ്രായം പറയാന്‍ കോഹ്‌ലിക്ക് അവകാശമുണ്ടെന്നും ഗാംഗുലി പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് പര്യടനം അവസാനിക്കുന്നതോടെ ഇപ്പോഴത്തെ കോച്ചിന്റെയും സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും . ഇന്ത്യൻ കോച്ചാവാൻ അപേക്ഷിച്ചവരിൽ രവി ശാസ്ത്രി വെല്ലുവിളിയായി ആരും തന്നെയില്ല , അതിനാൽ ഇന്ത്യൻ കോച്ചായി രവി ശാസ്ത്രി തന്നെ തുടരാനാണ് കൂടുതൽ സാധ്യത .