Skip to content

ഏകദിന ക്രിക്കറ്റിൽ നിന്നും മലിംഗ വിരമിക്കുന്നത് ഈ മത്സരത്തോടെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ജൂലൈ 26 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ കളിക്കൂയെന്നും അതിന് ശേഷം അദ്ദേഹം ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് തന്നോട് പറഞ്ഞുവെന്ന് വാർത്താസമ്മേളനത്തിൽ കരുണരത്നെ പറഞ്ഞു.

219 മത്സരത്തിൽ നിന്നും ഏകദിനത്തിൽ 335 വിക്കറ്റ് നേടിയ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നാമത്തെ ശ്രീലങ്കൻ ബൗളറാണ്. 523 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും 399 വിക്കറ്റ് നേടിയ ചാമിന്ദ വാസുമാണ് മലിംഗയ്ക്ക് മുൻപിലുള്ളത്. മൊത്തത്തിൽ നിലവിൽ ഏകദിന വിക്കറ്റ് വേട്ടയിൽ പത്താം സ്ഥാനത്തുള്ള മലിംഗയ്ക്ക് 337 വിക്കറ്റോടെ തൊട്ടുമുൻപുള്ള മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയെ മറികടക്കാനുള്ള അവസരവും തന്റെ അവസാന മത്സരത്തിലുണ്ട്.

ഈ ലോകകപ്പിൽ ഏഴ് മത്സരത്തിൽ 13 വിക്കറ്റ് നേടിയ മലിംഗയായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്.