Skip to content

ലോകകപ്പിൽ റിസർവ് ഡേ ഇല്ലാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഐസിസി

ക്രിക്കറ്റ് ലോകകപ്പിൽ എല്ലാ മത്സരത്തിനും റിസർവ് ഡേ ഇല്ലാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മഴമൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെ തുടർന്ന് റിസർവ് ഡേ വേണമെന്ന ആവശ്യം ആരാധകരും ഒപ്പം ചില ടീം മാനേജ്‌മെന്റും ഉന്നയിച്ച സാഹചര്യത്തിലാണ് ഐസിസി എല്ലാ മത്സരത്തിനും റിസർവ് ഡേയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ആരാധകരുമായി പങ്കുവെച്ചത്.

ഓരോ മത്സരത്തിനും റിസർവ് ഡേ അനുവദിക്കുന്നത് ടൂർണമെന്റിന്റെ ദൈർഘ്യം വർധിപ്പിക്കുമെന്നും അത് നടത്തിപ്പിനെയും പിച്ചിന്റെ തയ്യാറെടുപ്പ്, കളിക്കാരുടെ വിശ്രമം, കളിക്കാരുടെ യാത്ര, മാച്ച് ഒഫീഷ്യൽസിന്റെയും സ്റ്റേഡിയങ്ങളുടെയും ലഭ്യത എന്നിവയിൽ പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഒപ്പം റിസർവ് ഡേയിലും മഴ വില്ലനാവില്ലെന്ന് പറയാൻ സാധിക്കുകയില്ലെന്നും ഐസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

ഓരോ മത്സരത്തിനും മുന്നണിയിലും പിന്നണിയിലുമായി 1200 ലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ മത്സരത്തിനും റിസർവ് ഡേ അനുവദിച്ചാൽ ഒരുപാട് സ്റ്റാഫിനെ അധികമായി വേണ്ടിവരുമെന്നും പ്രസ്താവനയിൽ ഐസിസി വ്യക്തമാക്കി.

എന്നാൽ സെമി ഫൈനലിലും ഫൈനലിലും റിസർവ് ഡേ ഉണ്ടാകുമെന്നും ഇംഗ്ലണ്ടിലെ അപ്രതീക്ഷിത കാലാവസ്ഥയാണ് തിരിച്ചടിയായതെന്നും ഐസിസി കൂട്ടിച്ചേർത്തു.