Skip to content

സൗത്താഫ്രിക്കയെ 21 റൺസിന് തകർത്ത് ബംഗ്ലാദേശ്

ലോകകപ്പിലെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. കെന്നിങടൺ ഓവലിൽ നടന്ന മത്സരത്തിൽ 21 റൺസിനാണ് ബംഗ്ലാദേശ് സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് നേടാനെ സാധിച്ചുള്ളൂ. ഭേദപ്പെട്ട തുടക്കമാണ് അംലയുടെ അഭാവത്തിൽ ഡീകോക്കും മാർക്രവും സൗത്താഫ്രിക്കയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 49 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഡീകോക്കും 23 റൺസും മാർക്രം 56 പന്തിൽ 45 റൺസും നേടി പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 53 പന്തിൽ 62 റൺസും മില്ലർ 38 റൺസും വാൻഡർ ഡുസൻ 38 പന്തിൽ 41 റൺസും ജെ പി ഡുമിനി 37 പന്തിൽ 45 റൺസും നേടി പോരാടിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ബംഗ്ലാദേശ് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റും മൊഹമ്മദ് ഷൈഫുദീൻ രണ്ട് വിക്കറ്റും ഷാഖിബ് അൽ ഹസൻ,മേഹിദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.