Skip to content

പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

പരിചയസമ്പത്തുള്ള ബൗളിങ് നിര ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇത്തവണ ലോകകപ്പ് ന്യൂ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സ്ഥിരതയും ഇന്ത്യയ്ക്ക് ആവശ്യമാണെന്നും രഹാനെ പറഞ്ഞു.

” മൊത്തത്തിൽ നമ്മുടെ ടീം വളരെ ശക്തമാണ്. ഇത്തവണ ലോകകപ്പ് കളിക്കുന്നത് പുതിയ ഫോർമാറ്റിലാണ്. ഒമ്പത് ലീഗ് മത്സരങ്ങൾ ഓരോ ടീമും കളിക്കും . അതുകൊണ്ട് തന്നെ സ്ഥിരത പ്രധാനപ്പെട്ടതാണ്. ” രഹാനെ പറഞ്ഞു.

ടീമിലെ സ്പിന്നർമാരും ഫാസ്റ്റ് ബൗളർമാരും പരിചയസമ്പത്തുള്ളവരാണെന്നും ടീമിലെ സ്പിന്നർമാർ വിക്കറ്റ് നേടാൻ കഴിവുള്ളവരായതിനാൽ ടീമിന്റെ സാധ്യതകൾ വർധിക്കുമെന്നും ഏതൊരു സാഹചര്യത്തിലും വിക്കറ്റ് നേടാൻ സാധിക്കുന്ന ബൗളർമാർ ഇന്ത്യയ്ക്കുണ്ടെന്നും രഹാനെ പറഞ്ഞു.

ഇന്ത്യയ്ക്കൊപ്പം വെസ്റ്റിൻഡീസിനും ഇംഗ്ലണ്ടിനും ന്യൂസിലാൻഡിനും കിരീടസാധ്യതയുണ്ടെന്നും രഹാനെ കൂട്ടിച്ചേർത്തു.