Skip to content

നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ തനിക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കിങ് കോഹ്ലി സച്ചിനൊപ്പം എത്തിയത്.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 121 പന്തിൽ 10 ഫോർ അടക്കം പുറത്താകാതെ 101 റൺസ് വിരാട് കോഹ്ലി നേടി. കോഹ്ലിയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

തനിയ്ക്ക് 49 ൽ നിന്നും അമ്പത് വയസ്സാകാൻ 365 ദിവസം എടുത്തുവെന്നും പക്ഷേ 49 ൽ നിന്നും അമ്പതിലേക്ക് കോഹ്ലി അതിവേഗമെത്തി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തൻ്റെ റെക്കോർഡ് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് സച്ചിൻ തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

452 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് സച്ചിൻ ടെണ്ടുൽക്കർ 49 സെഞ്ചുറി നേടിയത്. മറുഭാഗത്ത് 277 ഇന്നിംഗ്സ് മാത്രം കളിച്ചുകൊണ്ടാണ് സച്ചിനൊപ്പം കോഹ്ലിയെത്തിയത്.

മത്സരത്തിലേക്ക് വരുമ്പോൾ 87 പന്തിൽ 77 റൺസ് നേടിയ ശ്രേയസ് അയ്യർ, 24 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 15 പന്തിൽ 29 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവരാണ് കോഹ്ലിയെ കൂടാതെ ഇന്ത്യക്കായി തിളങ്ങിയത്.