Skip to content

അവരെ പിടിച്ചുകെട്ടുകയെന്നത് എളുപ്പമല്ല !! ലോകകപ്പിൽ മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് പേസർ

ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ രണ്ടോ മൂന്നോ ടീമിനെ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ ടീമുകൾക്കും കിരീട സാധ്യതയുണ്ട്. എന്നിരുന്നാലും കിരീട സാധ്യതയിൽ മുൻപന്തിയിലുള്ളത് ആതിഥേയരായ ഇന്ത്യ തന്നെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്.

ഇന്ത്യയെ പിടിച്ചുകെട്ടുകയെന്നത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും മറ്റു ടീമുകൾക്കും എളുപ്പമാവില്ലെന്നാണ് സ്റ്റുവർട്ട് ബ്രോഡിൻ്റെ ബ്രോഡിൻ്റെ അഭിപ്രായം. അതിന് പിന്നിലെ കാരണവും ബ്രാഡ് പങ്കുവെച്ചു.

ഏഷ്യ കപ്പ് ചാമ്പ്യന്മാരയതിന് പുറകെ ഓസ്ട്രേലിയയെയും പരാജയപെടുത്തി ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പിനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പും ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ടീമാണ് നേടിയിരുന്നത്.

” ഇംഗ്ലണ്ടിന് ലോകകപ്പ് നിലനിർത്താൻ കഴിഞ്ഞാൽ അത് അത്ഭുതകരമായിരിക്കും. പക്ഷേ ഇന്ത്യ ഫോമിൽ കളിച്ചാൽ അവരെ തടയുകയെന്നത് എളുപ്പമാവില്ല. ജോസ് ബട്ട്ലറിന് ശക്തമായ ടീം തന്നെയുണ്ട്. വലിയ ടോട്ടലുകൾ നേടാനും അവർക്ക് സാധിക്കും. പക്ഷേ ആതിഥേയരും നമ്പർ വൺ ടീമുമായ ഇന്ത്യയെ മറികടക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ” സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ലോകകപ്പും ആതിഥേയ രാജ്യങ്ങളാണ് നേടിയതെന്നത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നുണ്ടെന്നും കഴിഞ്ഞ കാലയളവിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചതെന്നും സ്റ്റുവർട്ട് ബ്രോഡ് കൂട്ടിച്ചേർത്തു.