Skip to content

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അഞ്ചിന് അറിയാം! പ്രതീക്ഷ കൈവിടാതെ സഞ്ജുവും

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിക്കും. ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷമായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിന് ടീമിനെ സമർപ്പിക്കാനുള്ള അവസാന തീയതിയും അതേ ദിവസം തന്നെയാണ്.

ഏഷ്യ കപ്പിന് പതിനേഴംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ ലോകകപ്പ് ടീമിൽ 15 കളിക്കാരെ മാത്രമേ ഉൾപെടുത്തുവാൻ കഴിയൂ. ഒരു ബാറ്റ്സ്മാനെയും ഒരു പേസറെയും ഇന്ത്യ ഒഴിവാക്കിയേക്കും. തിലക് വർമ്മയാണ് ടീമിൽ നിന്നും ഒഴിവാക്കപെടാൻ സാധ്യതയുള്ള ബാറ്റ്സ്മാൻ. പേസർമാരിൽ പ്രസീദ് കൃഷ്ണ ടീമിൽ നിന്നും ഒഴിവാക്കപെട്ടേക്കും. ഷാർദുൽ താക്കൂർ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.

കെ എൽ രാഹുലിൻ്റെ ഫിറ്റ്നസാകും മറ്റൊരു ചർച്ചാവിഷയം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയിട്ടും ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ താരം കളിക്കുന്നില്ല. 50 ഓവറും വിക്കറ്റ് കീപ്പിങ് ചെയ്യുവാൻ താരത്തിന് സാധിക്കുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. കെ എൽ രാഹുലിന് ഫിറ്റ്നസ് തെളിയിക്കാൻ സാധിച്ചില്ലയെങ്കിൽ സഞ്ജു സാംസൺ ടീമിൽ ഇടം നേടും.

കൂടാതെ ആദ്യ രണ്ട് മത്സരങ്ങളിലെ സൂര്യകുമാർ യാദവിൻ്റെ പ്രകടനവും നിർണായകമാകും. ഈ രണ്ട് മത്സരങ്ങളിലും തിളങ്ങാതെ താരം ലോകകപ്പ് ടീമിലെത്തിയാൽ വലിയ വിമർശനങ്ങൾക്ക് അത് വഴിവെയ്ക്കും.