Skip to content

ഏഷ്യൻ ഗെയിംസിന് സഞ്ജുവില്ല !! നൽകുന്നത് ശുഭസൂചന

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. റിതുരാജ് ഗയ്ക്ക്വാദ് നയിക്കുന്ന ടീമിൽ അവസരം ലഭിക്കാതെ പോയ പല താരങ്ങളെയും ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ സഞ്ജുവില്ലെങ്കിലും അക്കാര്യത്തിൽ ഡബിൾ ഹാപ്പിയായിരിക്കുകയാണ് ആരാധകർ. സഞ്ജു ടീമിലില്ലാത്തതിന് കാരണം ഒന്നുമാത്രമാണ് ലോകകപ്പ് ടീമിൽ സഞ്ജുവുണ്ടാകുമെന്നത് തന്നെ.

സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂർണമെൻ്റ് ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് അവസാനിക്കുക. അതുകൊണ്ടാണ് രണ്ടാം നിര ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് സാധ്യത പട്ടികയിലുള്ള താരങ്ങളെ എല്ലാവരെയും തന്നെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത് അടക്കമുള്ളവർ നിലവിൽ പരിക്കിൻ്റെ പിടിയിലാണ്. മറുഭാഗത്ത് ഇഷാൻ കിഷന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏകദിനത്തിൽ സൂര്യകുമാർ യാദവിൻ്റെ പ്രകടനവും മോശമാണ്. ഈ വെല്ലുവിളികൾക്കെല്ലാം ഉത്തരമായിട്ടായിരിക്കും ഇന്ത്യ സഞ്ജുവിനെ കാണുന്നത്. ഇനിയുള്ള അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ സഞ്ജു തീർച്ചയായും ടീമിൽ ഉണ്ടാകുമെന്നുറപ്പാണ്.

ഏഷ്യൻ ഗെയിംസിലേക്ക് വരുമ്പോൾ ആറ് ടീമുകളാണ് ക്രിക്കറ്റിന് വേണ്ടിയുള്ള മെഡലിനായി പോരാടുക. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പം ആതിഥേയരായ ചൈനയും ജപ്പാനും കളിക്കും.