Skip to content

ആ രണ്ട് കാര്യങ്ങൾ നടന്നാൽ ഇന്ത്യ ലോകകപ്പ് നേടും !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഒരു പതിറ്റാണ്ട് മുൻപ് 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. അതിന് ഓരോ ടൂർണമെൻ്റുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടൂർണമെൻ്റ് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ഈ കാത്തിരിപ്പ് നീളുന്നതിന് പിന്നിലെ പ്രധാന രണ്ട് കാരണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ രണ്ട് പ്രശ്നങ്ങളും അവസാനിക്കുന്ന പക്ഷം ഇന്ത്യയുടെ കാത്തിരിപ്പും അവസാനിക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു.

താരങ്ങളുടെ പരിക്കാണ് ആദ്യ കാരണമായി രോഹിത് ശർമ്മ ചൂണ്ടികാട്ടിയത്. ലോകകപ്പിനായി എല്ലാ താരങ്ങളെയും തനിക്ക് വേണമെന്നും തൻ്റെ കളിക്കാർ എല്ലാവരും പരിക്കിൻ്റെ ആശങ്കകൾ ഒന്നും തന്നെയില്ലാതെ നൂറ് ശതമാനം ഫിറ്റ്നസിലായിരിക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് നോക്കിയാൽ ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർക്ക് പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല.

ഭാഗ്യമില്ലായ്മയാണ് രണ്ടാമത്തെ കാരണമായി രോഹിത് ശർമ്മ ചൂണ്ടികാട്ടിയത്. എത്രത്തോളം മികച്ച പ്രകടനം കാഴ്ച്ചവെച്ചാലും ഭാഗ്യം നിർണായക ഘട്ടത്തിൽ കൂടെയുണ്ടെങ്കിൽ മാത്രമേ ടൂർണമെൻ്റ് വിജയിക്കാനാവൂവെന്നും രോഹിത് ശർമ്മ പറഞ്ഞു. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത് ലോകത്ത് എല്ലായിടത്തും വിജയിച്ചുവെങ്കിലും ഐസിസി ടൂർണമെൻ്റ് വിജയിക്കുന്നതിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് തങ്ങൾക്ക് അറിയാമെന്നും വിജയിക്കുന്നത് വരെ കഠിനമായി പോരാടുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.