Skip to content

അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല, അർജ്ജുൻ്റെ സെഞ്ചുറിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ അർജുൻ ടെൻഡുൽക്കർ നേടിയ സെഞ്ചുറിയോട് പ്രതികരിച്ച് അച്ഛൻ സച്ചിൻ ടെണ്ടുൽക്കർ. സച്ചിനെ പോലെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റത്തിൽ തന്നെ അർജ്ജുനും സെഞ്ചുറി നേടിയിരുന്നു. ഐ പി എല്ലിൽ അടക്കം കളിച്ചുപരിചയമുള്ള മികച്ച ബൗളർമാർക്കെതിരെ ബാറ്റ് ചെയ്തുകൊണ്ടാണ് അർജ്ജുൻ രാജസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയത്.

മറ്റുള്ളവർ അർജുൻ്റെ ജീവിതം എളുപ്പമാണെന്ന് കരുതുമെങ്കിലും തൻ്റെ മകൻ്റെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും തൻ്റെ പേരിൽ അർജ്ജുൻ അറിയപെടുവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സച്ചിൻ പറഞ്ഞു.

” അർജുനുണ്ടായത് ഒരു സാധാരണ കുട്ടികാലം ആയിരുന്നില്ല. കുറച്ചുകാലങ്ങളോളം ക്രിക്കറ്റ് കളിച്ച ഒരു താരത്തിൻ്റെ മകനായതിനാൽ അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് വിരമിച്ച ശേഷം മാധ്യമങ്ങളോട് ഞാൻ പറഞ്ഞത് ക്രിക്കറ്റിനെ സ്നേഹിക്കുവാൻ അർജുനെ അനുവദിക്കണമെന്നും അവസരം നൽകണമെന്നുമായിരുന്നു. അവൻ്റെ പ്രകടനത്തിന് ശേഷമുളള പ്രസ്താവനകൾ നോക്കൂ, അവൻ്റെ മേൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം എൻ്റെ മാതാപിതാക്കളിൽ നിന്നും എനിക്ക് സമ്മർദ്ദം ഉണ്ടായിട്ടില്ല. ”

” ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും, നിനക്ക് ലോകത്തെ മുഴുവൻ മാറ്റുവാൻ സാധിക്കില്ലെന്നും ചിന്താഗതി മാറ്റണമെന്നും ഞാൻ അവനോട് എപ്പോഴും പറയാറുണ്ട്. അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല. ഇതൊരു ബുദ്ധിമുട്ടേറിയ യാത്രയാണ്. അവനുമായി പലർക്കും താരതമ്യം ചെയ്യാൻ കഴിയുക രോഹൻ ഗവാസ്‌കരെയായിരിക്കും. ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.