Skip to content

ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടത് റിഷഭ് പന്ത് തന്നെ, റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കിയത് പന്ത് തന്നെ ആവശ്യപ്പെട്ട പ്രകാരമാണെന്ന് റിപ്പോർട്ടുകൾ. മത്സരശേഷം പന്തിനെ പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഒഴിഞ്ഞുമാറിയിരുന്നു.

പന്തിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും പന്തിനെ റിലീസ് ചെയ്ത വിവരം രാവിലെ ഡ്രസിങ് റൂമിൽ എത്തിയപ്പോഴാണ് താൻ അറിഞ്ഞതെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ സ്വയം ആവശ്യപ്പെട്ട പ്രകാരമാണ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്നെ ഒഴിവാക്കണമെന്ന് പന്ത് ദ്രാവിഡിനോടും രോഹിത് ശർമ്മയോടും ആവശ്യപെട്ടുവെന്നും ടെസ്റ്റ് പരമ്പരയിൽ ടീമിനൊപ്പം പന്ത് തിരിച്ചെത്തുമെന്നും cricbuzz റിപോർട്ട് ചെയ്തിട്ടുണ്ട്. ടീമിൽ ഇഷാൻ കിഷനുള്ളതിനാൽ പകരക്കാരൻ വേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐയുള്ളത്.

മോശം പ്രകടനങ്ങൾക്ക് പുറകെ വലിയ വിമർശനമാണ് റിഷഭ് പന്ത് നേരിട്ടത്. ന്യൂസിലൻഡ് പര്യടനത്തിനിടെ തൻ്റെ പ്രകടനത്തെ പറ്റി ചോദിച്ച ഹർഷ ഭോഗ്ലെയോട് താരം ദേഷ്യപെട്ട് സംസാരിക്കുകയും ചെയ്തിരുന്നു.