Skip to content

വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

അധികം വൈകാതെതന്നെ ഇന്ത്യൻ ടീമിന് കളിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ആസം യുവതാരം റിയാൻ പരാഗ്. കുമാർ സംഗക്കാരയ്ക്കും സഞ്ജു സാംസണും തന്നിൽ ഏറെ വിശ്വാസമുണ്ടെന്നും അവർ ഏൽപ്പിച്ച ജോലി ഭംഗിയായി ഐ പി എല്ലിൽ താൻ നിർവഹിക്കുമെന്നും പരാഗ് പറഞ്ഞു.

” കുമാർ സംഗക്കാരയ്ക്കും സഞ്ജു ഉൾപ്പെടെയുള്ള മുഴുവൻ സംഘത്തിനും എന്നിലേറെ വിശ്വാസമുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളിൽ ആദ്യ വർഷം മികച്ച പ്രകടനം ഞാൻ പുറത്തെടുത്തു. എന്നാൽ പിന്നീട് എനിക്ക് മികവ് പുലർത്താൻ സാധിച്ചില്ല. രാജസ്ഥാൻ റോയൽസ് എന്നെ ഏൽപ്പിച്ചത് ടി20 ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ്. ഞാൻ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വെല്ലുവിളി കൂടിയാണിത്. സമ്മർദ്ദം നിറഞ്ഞ ടി20 മത്സരത്തിൽ ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യുകയെന്നത് എളുപ്പമല്ല. പക്ഷേ അത് പഠിച്ചെടുക്കാനുള്ള വഴിയിലാണ് ഞാനുള്ളത്. ”

” ഞാൻ ഇപ്പോൾ എൻ്റെ കരിയറിനാണ് പ്രാധാന്യം നൽകുന്നത്. വരും വർഷങ്ങളിൽ തീർച്ചയായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ എനിക്ക് സാധിക്കും. അതാണ് എൻ്റെ ലക്ഷ്യം. ഞാൻ ചെയ്യുന്നതെല്ലാം അതിന് വേണ്ടിയാണ്. ” റിയാൻ പരാഗ് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ ആസാമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ ഈ സീസണിൽ 552 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു.