Skip to content

കയ്യും കണക്കുമില്ലാതെ റൺസ് വഴങ്ങി ചാഹർ, ഒടുവിൽ ദയനീയമായി കൈകൂപ്പി രോഹിത് – വീഡിയോ

അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ റൺസ് വഴങ്ങുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്തതോടെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക അടിച്ചു കൂട്ടിയത് 227 റൺസ്. 48 പന്തിൽ 8 സിക്‌സും 7 ഫോറും ഉൾപ്പെടെ 100 റൺസ് നേടി പുറത്താകാതെ നിന്ന റൂസ്സോയാണ് ടോപ്പ് സ്‌കോറർ.

https://twitter.com/ICC/status/1577331020222824449?t=vJW6NcMvST-v_HgI6V9Vvg&s=19

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് അഞ്ചാം ഓവറിൽ തന്നെ നഷ്ട്ടമായിരുന്നു. സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ ഇത്തവണ പതിവ് തെറ്റിക്കാതെ രണ്ടക്കം കാണാതെ മടങ്ങി. കഴിഞ്ഞ 2 മത്സരത്തിലും പൂജ്യത്തിൽ പുറത്തായ ബാവുമ ഇത്തവണ 3 റൺസ് നേടി.

പിന്നാലെ റൂസ്സോയും ഡികോകും ചേർന്ന് സൗത്താഫ്രിക്കയുടെ സ്‌കോർ 100 കടത്തുകയായിരുന്നു. ഇരുവരും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. 43 പന്തിൽ 68 റൺസ് നേടിയ ഡിക്കോക് 13ആം ഓവറിലെ ആദ്യ പന്തിൽ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സ്റ്റബ്സിനെയും കൂട്ടുപിടിച്ച് റൂസ്സോ അതിവേഗം സ്‌കോർ ഉയർത്തി. റൂസ്സോയ്ക്ക് മുന്നിൽ ഇന്ത്യൻ ബൗളർമാർ കളി മറന്നത് പോലെയായിരുന്നു ഡെലിവറികൾ.

അവസാന 5 ഓവറിൽ 73 റൺസാണ് റൂസ്സോയും സ്റ്റബ്സും മില്ലറും ചേർന്ന് അടിച്ചു കൂട്ടിയത്. 18 പന്തിൽ 23 റൺസ് നേടിയ സ്റ്റബ്സ് അവസാന ഓവറിൽ പുറത്തായിരുന്നു. ക്രീസിൽ എത്തിയ മില്ലർ 5 പന്തിൽ 19 റൺസ് നേടി. അവസാന ഓവർ എറിഞ്ഞ ചാഹർ 24 റൺസ് വഴങ്ങിയിരുന്നു. തുടർച്ചയായി 3 സിക്സുകൾ വഴങ്ങിയതോടെ ചഹറിന് നേരെ ദയനീയമായി കൈകൂപ്പുന്ന രോഹിതിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് 3 മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.  രാഹുലിനും കോഹ്ലിക്കും വിശ്രമം അനുവദിച്ചപ്പോൾ നേരിയ പരിക്കുള്ള അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കി. ശ്രയസ് അയ്യറും, ഉമേഷ് യാദവും, മുഹമ്മദ് സിറാജുമാണ് ടീമിൽ ഇടം പിടിച്ചത്.