Skip to content

തകർപ്പൻ സെഞ്ചുറിയുമായി റൂസോ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബൗളർമാർ, സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ കൂറ്റൻ സ്കോർ നേടി സൗത്താഫ്രിക്ക. റിലീ റൂസ്സോയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. പതിവ് പോലെ റൺസ് വഴങ്ങികൂട്ടുന്നതിൽ ഇന്ത്യൻ ബൗളർമാർ യാതൊരു പിശുക്കും കാണിച്ചില്ല.

നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. കഴിഞ്ഞ മത്സരങ്ങളിൽ 221 റൺസ് നേടിയ തങ്ങളുടെ റെക്കോർഡ് തന്നെയാണ് സൗത്താഫ്രിക്ക മറികടന്നത്. 2016 ൽ 6 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടിയ വെസ്റ്റിൻഡീസാണ് ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടിയിട്ടുള്ളത്.

48 പന്തിൽ 7 ഫോറും 8 സിക്സും ഉൾപ്പടെ 100 റൺസ് നേടിയ റിലീ റൂസ്സോയാണ് സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഡീകോക്ക് 43 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ 68 റൺസ് നേടി. ബാവുമ 3 റൺസ് മാത്രം നേടി പുറത്തായപ്പോൾ ട്രിസ്റ്റൺ സ്റ്റബ്സ് 23 റൺസും ഡേവിഡ് മില്ലർ 5 പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്നു.

16 സിക്സുകളാണ് മത്സരത്തിൽ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടിയത്. ഇന്ത്യൻ ബൗളർമാരിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല.