Skip to content

‘അവൻ എന്നോട് മാപ്പ് പറഞ്ഞിരുന്നു’, മത്സരശേഷം മില്ലറിന്റെ വെളിപ്പെടുത്തൽ

238 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 6.2 ഓവറിൽ തന്നെ 3 വിക്കറ്റ് നഷ്ട്ടപ്പെട്ടത് വലിയ തോൽവിയിലേക്ക് നയിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നിടത്താണ് നാലാം വിക്കറ്റിൽ 174 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് മില്ലറും ഡിക്കോകും ചേർന്ന് കെട്ടിപടുത്തത്. ഒടുവിൽ 16 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു.  47 പന്തിൽ 7 സിക്‌സും 8 ഫോറും സഹിതം 225 സ്‌ട്രൈക് റേറ്റിൽ മില്ലർ ഒരു വശത്ത് നിന്ന് 106 റൺസ് അടിച്ചു കൂട്ടിയപ്പോൾ മറുവശത്ത് ഉണ്ടായിരുന്ന ഡിക്കോക് പതുക്കെ നീങ്ങിയത് സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായെന്ന് വ്യക്തമാണ്.

48 പന്തുകൾ നേരിട്ട ഡിക്കോക് 4 സിക്‌സും 3 ഫോറും ഉൾപ്പെടെ 69 റൺസ് മാത്രമാണ് നേടിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഡിക്കോക് ആദ്യ നേരിട്ട 33 പന്തിൽ വെറും 32 റൺസ് മാത്രമാണ് നേടിയത്. അവസാന 15 പന്തിൽ 37 റൺസാണ് അടിച്ചു കൂട്ടിയത്. തുടക്കത്തിൽ
ഡിക്കോക്  സ്കോറിന് വേഗത കൂട്ടിയിരുന്നേൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിങിന് ഗുവാഹത്തി സാക്ഷ്യം വഹിച്ചേനെ.

തന്റെ ബാറ്റിങ്ങിലെ പിഴവ് മനസ്സിലാക്കിയ ഡിക്കോക് മത്സരത്തിന്റെ അവസാനത്തിൽ തന്നോട് മാപ്പ് പറഞ്ഞിരുന്നുവെന്ന് മില്ലർ വെളിപ്പെടുത്തിയിരുന്നു.
” തുടക്കത്തിൽ ഡിക്കോക് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അവസാനത്തിൽ താളം കണ്ടെത്തി നമുക്ക് വിജയപ്രതീക്ഷ നൽകിയതാണ്. “

“ഫോറും സിക്സും അടിക്കാൻ കഴിവുള്ള ബാറ്റ്‌സ്മാൻ ആണ് അദ്ദേഹം. എല്ലാം എങ്ങനെ തുടങ്ങുന്നു എന്നതിന് അനുസരിച്ചിരിക്കും. നിങ്ങൾ കണ്ടതുപോലെ ഞങ്ങൾ വെറും 16 റൺസ് മാത്രമാണ് തോറ്റത്.  അവൻ (ഡി കോക്ക്) എന്റെ അടുത്തേക്ക് നടന്നുവന്ന് ‘നന്നായി കളിച്ചു, ക്ഷമിക്കണം’ എന്ന് പറഞ്ഞു.  ബാറ്റിങ്ങിന് അനുകൂലമായ മികച്ച വിക്കറ്റായിരുന്നു ഇവിടെ. ഇന്ത്യ ഞങ്ങളെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കി. ” മില്ലർ പറഞ്ഞു.

നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെന്തിയവരെല്ലാം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. 22 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ. 28 പന്തിൽ 57 റൺസ് നേടി രാഹുലും, 37 പന്തിൽ 43 റൺസ് നേടി രോഹിതും 28 പന്തിൽ 49* റൺസ് നേടി കോഹ്ലിയും തങ്ങളുടെ റോൾ ഗംഭീരമാക്കി. അവസാനത്തിൽ 7 പന്തിൽ 17 റൺസ് നേടി കാർത്തിക് ഇന്ത്യൻ സ്‌കോർ 237ൽ എത്തിക്കുകയായിരുന്നു.