Skip to content

തകർത്തടിച്ച് സൂര്യയും രാഹുലും കോഹ്ലിയും, ഒടുവിൽ ഡി കെയുടെ തകർപ്പൻ ഫിനിഷ്, ഗുവാഹത്തിയിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ അക്ഷരാർത്ഥത്തിൽ ഗുവാഹത്തിയിൽ നിറഞ്ഞാടുകയായിരുന്നു. സൂര്യകുമാർ യാദവും കെ എൽ രാഹുലും ഫിഫ്റ്റി നേടിയപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറിൽ ദിനേശ് കാർത്തിക്കിൻ്റെ വെടിക്കെട്ട് ഫിനിഷോടെയാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചത്.

നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2015 ൽ ജോഹന്നാസ്ബർഗിൽ 236 റൺസ് നേടിയ വെസ്റ്റിൻഡീസിൻ്റെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.

22 പന്തിൽ നിന്നും 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയ സൂര്യകുമാർ യാദവ്, 28 പന്തിൽ 5 ഫോറും 4 സിക്സും അടക്കം 57 റൺസ് നേടിയ കെ എൽ രാഹുൽ, 28 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ വിരാട് കോഹ്ലി, 37 പന്തിൽ 43 റൺസ് നേടിയ രോഹിത് ശർമ്മ, 7 പന്തിൽ പുറത്താകാതെ 17 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

സൗത്താഫ്രിക്കൻ ബൗളർമാരിൽ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ് മാത്രമാണ് മികവ് പുലർത്തിയത്.