Skip to content

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞുവീഴ്ത്തി കാര്യവട്ടത്ത് തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ. അർഷ്ദീപ് സിങിൻ്റെയും ദീപക് ചഹാറിൻ്റെയും ബൗളിങ് മികവിലാണ് സൗത്താഫ്രിക്കൻ മുൻനിരയെ ഇന്ത്യ എറിഞ്ഞൊക്കിയത്.

ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി ചഹാർ തിരിച്ചുവരവറിയച്ചപ്പോൾ രണ്ടാം ഓവറിൽ ക്വിൻ്റൺ ഡീകോക്ക്, റിലേ റൂസോ, ഡേവിഡ് മില്ലർ എന്നിവരെ അർഷ്ദീപ് സിങ് പുറത്താക്കി. മൂന്നാം ഓവറിൽ ദീപക് ചഹാർ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കിയതോടെ സൗത്താഫ്രിക്കൻ മുൻനിരയുടെ പതനം പൂർത്തിയായി.

വെറും 2.3 ഓവറിലാണ് സൗത്താഫ്രിക്കയുടെ അഞ്ച് വിക്കറ്റും ഇന്ത്യ വീഴ്ത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കുറവ് പന്തിൽ എതിർ ടീമിൻ്റെ ആദ്യ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ടീമെന്ന റെക്കോർഡ് കേരള മണ്ണിൽ ഇന്ത്യ നേടി.

ഇത് മൂന്നാം തവണയാണ് ടി20 ക്രിക്കറ്റിൽ പവർപ്ലേയിൽ ആദ്യ അഞ്ച് വിക്കറ്റും സൗത്താഫ്രിക്കയ്ക്ക് നഷ്ടമാകുന്നത്. ഇതിനുമുൻപ് 2007 ൽ ഇന്ത്യയ്ക്കെതിരെയും 2013 ൽ പാകിസ്ഥാനെതിരെയുമാണ് പവർപ്ലേയിൽ അഞ്ച് വിക്കറ്റും സൗത്താഫ്രിക്കയ്ക്ക് നഷ്ടമായിട്ടുള്ളത്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക നേടി. 24 പന്തിൽ 25 റൺസ് നേടിയ മാർക്രം, 24 റൺസ് നേടിയ പാർണൽ, 35 പന്തിൽ 41 റൺസ് നേടിയ കേശവ് മഹാരാജ് എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി.